പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസാണ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാര്‍ ജോസഫ് പളളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. സഭയെ എക്കാലത്തും വഴികാട്ടിയ നക്ഷത്രമായിരുന്നു മാര്‍ പള്ളിക്കാപ്പറമ്പില്‍. ആ നക്ഷത്ര ശോഭയിലൂടെയാണ് സഭ സഞ്ചരിക്കുന്നത്.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ പള്ളിക്കാപറമ്പില്‍ ശരിയായ പാത കാണിച്ചു നല്കിയ ആത്മീയ നേതാവാണെന്നു കര്‍ദിനാള്‍ ഓസ്വാഡ് ഗ്രേഷ്യസ് പറഞ്ഞു.
ആഗോളസഭയ്ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലായില്‍ നിന്നും ഒട്ടനവധി വൈദികരെയും സന്യസ്തരെയും പ്രദാനം ചെയ്തുവെന്നും കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചേര്‍ന്ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍, മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കേക്ക് മുറിച്ചു. ദൈവം നല്കി അവര്‍ണനീയമായ ദാനമാണ് തന്റെ ജീവിതമെന്നും ദൈവത്തിന്റെ കാരുണ്യത്തിനും എല്ലാവര്ക്കും നന്ദി പറയുന്നതായും മാര്‍ പള്ളിക്കാപ്പറമ്പില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വിവിധ രൂപതകളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപുമാര്‍, ബിഷപ്പുമാര്‍, വൈദികര്‍, ജോസ് കെ. മാണി എംപി, ഫ്രാന്‍സീസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പാലാ: നൂറാം വയസിലും മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ വായിക്കുന്നത് രണ്ടു ലിഖിതങ്ങളാണെന്നും ഒന്നാമത്തേത് യാമപ്രാര്‍ഥനയും രണ്ടാമത്തേത് മലയാളത്തിലെ ആദ്യ പത്രമായ ദീപികയാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശംസ പ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.യാമ പ്രാര്‍ഥനകളുടെ സമ്പൂര്‍ണ പതിപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനു 100-ാം ജന്മദിന സമ്മാനമായും നല്കി.
Tags : Mar Pallikapparanpil Bishop Pallikapparampil Spirituality Mar Thattil mar raphael thattil deepika