കാക്കനാട്: നികുതി അടയ്ക്കാതെ കേരളത്തിൽ സർവീസ് നടത്തിയ ഒമ്പത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പിടികൂടി. 25 വാഹനങ്ങൾക്കെതിരേ കേസെടുത്തു.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു എൻഫോഴ്സ്മെന്റ് സംഘം കൊച്ചി നഗരം, വൈറ്റില ജംഗ്ഷൻ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
നികുതിവെട്ടിപ്പിനു പുറമെ അമിതവേഗം, എയർ ഹോൺ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹനരേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ അതത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം വാഹനങ്ങൾ ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി.
Tags : tourist buses tourist buses seized Non-payment of taxes Interstate tourist buses