ഇടുക്കി: ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയാകുന്ന ചക്കക്കൊമ്പൻ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന 'ഓപ്പറേഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാം ദിവസവും തുടരുന്നു. ഒന്നാം ദിവസത്തെ ദൗത്യത്തിനിടെ ഉൾക്കാട്ടിലേക്ക് കയറിപ്പോയ ആന ഇന്ന് പുലർച്ചെയോടെ സിങ്കുകണ്ടം ഭാഗത്ത് തിരിച്ചെത്തിയിട്ടുണ്ട്.
ആനയെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പിന്റെ ട്രാക്കിംഗ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനുകൂലമായ കാലാവസ്ഥയും സാഹചര്യവും ഒത്തുവരുന്ന മുറയ്ക്ക് ദൗത്യസംഘം തുടർനടപടികൾ സ്വീകരിക്കും.
ഇന്നലെ നടന്ന ദൗത്യത്തിൽ ആദ്യ മയക്കുവെടി ഫലപ്രദമാകാതിരുന്നതും തുടർന്ന് ആന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതും വെല്ലുവിളിയായിരുന്നു. ഇതിനൊപ്പം പ്രതികൂല കാലാവസ്ഥയും കാഴ്ചപരിധി കുറഞ്ഞതും കാരണം സുരക്ഷ മുൻനിർത്തി ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധിയും ഇന്നും ബാധകമാണ്.
Tags : Operation Chakkakomban Forest Department surveillance Sinkukandham Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash