തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് അറസ്റ്റിലായത്.
കഴക്കൂട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. പഞ്ചായത്തുനട എന്ന സ്ഥലത്തു വെച്ച് മുൻവൈരാഗ്യം കാരണം മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ്, ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്.
കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലുമായി 18 ആക്രമണക്കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : murder attempt arrest police panchayath unni