പ്രതീകാത്മക എഐ ചിത്രം
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധവും മലയാളിയുടെ ദേശീയോത്സവവും തമ്മിലെന്ത് എന്നു മനസിലാകാത്തവർക്ക് ഇക്കുറി ഓണത്തിന് അതു കൊണ്ടറിയാം!. അരി മുതൽ ഉപ്പേരി വരെ സകലതിനും വില കുതിച്ചുയരുന്ന നാളുകൾകൂടിയാകും ഈ ഓണക്കാലം.
ഓണം ഒരു മാസം അകലെയെങ്കിലും പച്ചക്കറികൾക്കും പലചരക്കു സാധനങ്ങൾക്കും വില മേലോട്ടാണ്. കാരറ്റിന്റെ വില ഇന്നലെ നൂറിലെത്തി. ഏത്തക്കായയുടെ വില രണ്ടു ദിവസം കൊണ്ട് 20 രൂപ വരെ കൂടി. എറണാകുളം മാർക്കറ്റിൽ 64 രൂപയാണ് ഇന്നലത്തെ വില. പഴത്തിന് എഴുപതു കടന്നു.
ബീറ്റ്റൂട്ടിനും അച്ചിങ്ങയ്ക്കും ചില്ലറ വില 60 വരെ. കാബേജിന് കിലോയ്ക്ക് അന്പതു രൂപ നൽകണം. അതേസമയം ബീൻസിന്റെ വില കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ മഴ കനത്തതും പച്ചക്കറികളുടെ വിളവെടുപ്പും ചരക്കുനീക്കവും കുറഞ്ഞതുമാണ് നിലവിലെ വിലവർധനയ്ക്കു കാരണം. മൈസൂരു, ഹൊസൂർ മാർക്കറ്റുകളെയാണ് പച്ചക്കറികൾക്കു കേരളത്തിലെ വ്യാപാരികൾ ഇപ്പോൾ അധികമായി ആശ്രയിക്കുന്നത്.
എല്ലാ ഇനങ്ങളിലുമുള്ള അരിയ്ക്ക് വില അഞ്ചു മുതൽ പത്തു രൂപ വരെ ഇതിനകം ഉയർന്നു. ഓണക്കാലത്തും മറ്റു സമയങ്ങളിലും കേരളത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള വടി അരിയുടെ വില കിലോയ്ക്ക് 65 ലെത്തി. ഒരു മാസം മുന്പ് 54-56നു കിട്ടിയിരുന്ന അരിയാണിത്. ജയ, സുരേഖ, ഉണ്ട, കുറുവ അരികളുടെ വിലയിലും അഞ്ചു മുതൽ എട്ടു രൂപ വരെ വർധനവുണ്ടായിട്ടുണ്ട്. ചിങ്ങമാസമാകുന്നതോടെ വിലയിൽ ഇനിയും നേരിയ വർധനവുണ്ടാകുമെന്നാണു മില്ലുടമകളും വ്യാപാരികളും പറയുന്നത്.
സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ലിന്റെ വില കൂടിയതും ഉല്പാദനത്തിലുണ്ടായ കുറവുമാണ് അരിവില ഉയരാൻ പ്രധാന കാരണമായത്. ഒപ്പം പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ ഇന്ധന വില കൂടിയതും തിരിച്ചടിയായി.
പച്ചത്തേങ്ങയ്ക്കു വില കിലോയ്ക്ക് 70 രൂപ വരെയായി. ഓണമാകുന്പോൾ തേങ്ങയുടെ വില ഇനിയും കൂടിയേക്കും. വെളിച്ചെണ്ണയുടെ വില ഒരു മാസം മുന്പു താഴ്ന്നെങ്കിലും, തിരിച്ചുകയറി തുടങ്ങിയിട്ടുണ്ട്.
ഉപ്പേരി പേരിനു മതി...!
കൊച്ചി: ഉപ്പേരിയില്ലാതെ ഓണം പൂർണമാകില്ലെങ്കിലും, അതിന്റെ വില ഇക്കുറി വിഷമിപ്പിക്കും. ഏത്തക്കായയ്ക്കും എണ്ണയ്ക്കും വില ഉയർന്നത് ഉപ്പേരി ഇനങ്ങളുടെ വില കുതിക്കാൻ കാരണമായി. വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരി കിലോയ്ക്ക് 580 രൂപയാണ് നിലവിലെ വില. പാമോയിലിൽ വറുത്തതിന് 480. ശർക്കര വരട്ടി 600 രൂപ നൽകണം. ഓമടുക്കുന്നതോടെ ഉപ്പേരി വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു.
Tags : RisingFuelCosts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash