കൊച്ചി: ജെഎന്‍എല്‍ മെട്രോ സ്റ്റേഷന്‍ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒരാഴ്ചയായി മെട്രോ പില്ലറില്‍ കുടുങ്ങിയ സുഭാഷ് എന്ന പൂച്ചയെ രക്ഷപ്പെടുത്താനായി ഫയര്‍ ഫോഴ്‌സും ആനിമല്‍ റെസ്‌ക്യൂ സംഘവും എത്തിയിട്ടുണ്ട്. മെട്രോ 385-ാം പില്ലറിന്‍റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മെട്രോ സര്‍വീസുകള്‍ അവസാനിച്ചശേഷം രാത്രിയില്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റെസ്‌ക്യൂ ടീമും മൃഗസ്‌നേഹികളും സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
നിലവില്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മുകളിലേക്ക് കയറിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാമെന്ന് മെട്രോ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രക്ഷാദൗത്യം തടസപ്പെട്ടു. ഇടപ്പള്ളിയില്‍ നിന്നും പുതിയ ക്രെയ്ന്‍ എത്തിച്ച ശേഷമാകും പൂച്ചയെ താഴെ ഇറക്കുക.
Tags : cat metro pillar Attempt to save