കൊച്ചി: വന്ദേഭാരത് എക്സിപ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് ട്രെയിനിനു കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.
മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോഴാണ് കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്.
കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ ട്രാക്കിനു സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്നു തവണ കല്ലെറിഞ്ഞു. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിനു പുറത്തുള്ള കാമറയിൽനിന്നു കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.
ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിനു സമീപം വരാറുള്ളവരുടെ പട്ടിക തയാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നു പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.
Tags : Teenager arrest stones Vande Bharat