തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
വ്യാവസായിക - ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചകവാതക സിലണ്ടറുകളുടെ ദിനംപ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും ഇതിനോടനുബന്ധമായി രൂപീകരിക്കും.
ഇതിനായി പ്രത്യേകം തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചകവാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചകവാതക പ്രതിസന്ധി നേരിടാൻ അടിയന്തര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.
വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണം എന്നും യോഗം അവലോകനം ചെയ്തു. ആശുപത്രികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ ടി പാർക്കിലെ കാന്റീനുകൾ, ഫാക്ടറികളിലെ കാന്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും. ഇതിനുവേണ്ടി ഒരു മാർഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികൾ ഉറപ്പു നൽകി.
ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചകവാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Tags : central government increase gas cylinders CM Pinarayi vijayan