x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവം ഈണമിട്ട പനയ്ക്കലച്ചന്‍റെ ഹാര്‍മോണിയം

സിജോ പൈനാടത്ത്
Published: April 2, 2026 03:54 PM IST | Updated: April 2, 2026 05:29 PM IST

കൊച്ചി: പുതിയൊരു പുലരി വിടര്‍ന്നു..., മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന... ദൈവം പിറക്കുന്നു മനുഷ്യനായ്....., സര്‍വം ഭരിച്ചു സമംഗളം വാഴുവാന്‍...., സ്‌നേഹമുറങ്ങുമീ താഴ്‌വരയില്‍...., സ്വര്‍ഗം കനിഞ്ഞിറങ്ങി....

ആ പാട്ടുകള്‍ പലവട്ടം നമ്മള്‍ കേട്ടതാണ്. ആ ശബ്ദം ഗന്ധര്‍വഗായകന്‍ സാക്ഷാല്‍ യേശുദാസിന്‍റേതുമാണെന്നും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ കേവലം ക്രിസ്തീയ ഭക്തിഗാനമെന്നതിനപ്പുറം മലയാളികള്‍ ഏറ്റുവാങ്ങിയ ആ പാട്ടുകള്‍ക്ക് ഈണമൊരുക്കിയത് ഒരു വൈദികനാണെന്ന് അധികമാരും ഘോഷിച്ചില്ല.

ദൈവത്തിന്‍റെ മുദ്ര പതിഞ്ഞൊരു ഹാര്‍മോണിയപ്പെട്ടിയുമായി എണ്ണം പറഞ്ഞ പാട്ടുകള്‍ക്കു സംഗീതം പകര്‍ന്നത് ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ എന്ന ഒസിഡി വൈദികന്‍.

യേശുദാസും ചിത്രയും പാടിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അന്വേഷിച്ചാല്‍ ആദ്യമെത്തുന്ന പാട്ടുകളുടെ സംഗീതസംവിധായകന്‍. കെ.എസ്. ചിത്രയ്ക്കു പാട്ടുശാഖയില്‍ സവിശേഷ മേല്‍വിലാസമൊരുക്കിയ പൈതലാം യേശുവേ മലയാളികള്‍ ഏതു ക്രിസ്മസ് നാളുകളിലാണ് പാടാനും കേള്‍ക്കാനും മറന്നിട്ടുള്ളത്...!

പനയ്ക്കലച്ചന്‍ എന്ന അനുഗ്രഹീത കലാകാരന്‍റെ സൃഷ്ടികളായി അനശ്വര ഗാനങ്ങള്‍. മലയാളി കേട്ട തിരുപ്പിറവിയുടെ പാട്ടുകളില്‍ പനക്കലച്ചന്‍-യേശുദാസ്-ചിത്ര കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകള്‍ക്കു പകരം വയ്ക്കാന്‍ ഇനിയും മറ്റൊന്നില്ല. കാസറ്റു സംഗീതകാലത്തെ അവിസ്മരണീയ ഗാനങ്ങള്‍.

K-Rail Survey

ഗ്രാമഫോണ്‍ റെക്കോര്‍ഡ്

യേശുദാസിന്‍റെ തരംഗിണി മ്യൂസികില്‍ നിന്നുള്ള ആദ്യ ഗ്രാമഫോണ്‍ റെക്കോര്‍ഡായാണ് പനക്കലച്ചന്‍റെ ആദ്യ പാട്ടുകള്‍ പുറത്തിറങ്ങുന്നത്. 1983ല്‍ പുറത്തിറങ്ങിയ ആല്‍ബം തളിര്‍മാല്യം.


മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍..., സ്‌നേഹമെഴുന്നള്ളി..., നവ്യമായൊരു കല്പന ഞാന്‍..., യേശുവേ വരദാനവാരിധേ.... എന്നീ നാലു പാട്ടുകള്‍ തളിര്‍മാല്യത്തില്‍ യേശുദാസ് പാടി.

അടുത്തവര്‍ഷം സ്‌നേഹപ്രവാഹം എന്ന അച്ചന്‍റെ കാസറ്റ് തരംഗിണിയില്‍ നിന്നുതന്നെ. കര്‍ത്താവാം യേശുവേ.., നായകാ ജീവദായകാ..., ഈശോയെന്‍ ജീവാധിനായകാ...എന്നിവയുള്‍പ്പടെ ഇതിലെ പന്ത്രില്‍ പതിനൊന്നു പാട്ടുകളും പാടിയത് യേശുദാസ് തന്നെ.

1985ല്‍ സ്‌നേഹസന്ദേശം എന്ന കാസറ്റിലെ രക്ഷകാ ഗായകാ... ഉള്‍പ്പടെ പന്ത്രണ്ടു ഗാനങ്ങളും ഹിറ്റായി. ഇതില്‍ പതിനൊന്നു പാട്ടുകള്‍ യേശുദാസ് പാടി. പാരില്‍ പിറന്നു ദേവന്‍ എന്ന ക്രിസ്മസ് ഗാനം പാടി ഹിറ്റാക്കിയതു ജെ്‍സി.

സിഡികളുടെ കാലമായപ്പോള്‍ ആത്മദാനം എന്ന ആല്‍ബത്തിനായി ഗാനമെഴുതി. ശേഷം സംഗീതമേഖലയില്‍ നിന്നു ദീര്‍ഘ ഇടവേളയായിരുന്നു. അപ്പോഴും തന്‍റെ പ്രസംഗവേദികളിലും അധ്യാപന ജീവിതത്തിലും സെമിനാരി ക്ലാസുകളിലുമൊന്നും പാട്ടിനെ അച്ചന്‍ മാറ്റിനിര്‍ത്തിയില്ല.

അമ്മയുടെ പ്രോത്സാഹനം

കൊച്ചി കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്‍റെ മകന്‍ ജസ്റ്റിന്‍ 1952 ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു.

സംഗീതം ശാസ്ര്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത പനക്കലച്ചനു കുഞ്ഞുനാള്‍ മുതല്‍ പാട്ടുകളോടു വലിയ പ്രിയമായിരുന്നു. സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന അമ്മ ഇസബെല്‍ തങ്കമ്മ ജോബാണ് അദ്ദേഹത്തിന്‍റെ പാട്ടുപ്രേമത്തെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത്.

അടുത്തിടെ കൊച്ചി ബിഷപ് ഡോ. ആന്‍റണി കാട്ടിപ്പറമ്പിലിന്‍റെ മെത്രാഭിഷേകശുശ്രൂഷകളില്‍ ആലപിച്ച പാട്ടുകള്‍ക്കു പിന്നിലും പനയ്ക്കലച്ചനുണ്ടായിരുന്നു. താനൊരുക്കിയ പാട്ടുകള്‍ക്കു വലിയസ്വീകാര്യത ലഭിച്ചപ്പോഴെല്ലാം ഫാ. പനയ്ക്കല്‍ കൂടുതല്‍ വിനയാന്വിതനായി. - തമ്പുരാന്‍റെ പാട്ടുകള്‍ ലക്ഷക്കണക്കിനാളുകള്‍ മൂളുന്നതിലുള്ള അഭിമാനിക്കുന്നു.- ദീപികയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ ഫാ. പനയ്ക്കലിന്‍റെ വാക്കുകള്‍.

പെസഹായുടെ പുണ്യവ്യാഴത്തില്‍ പനയ്ക്കലച്ചന്‍ കടന്നുപോകുമ്പോഴും അച്ചന്‍റെ അനുഗ്രഹീത ഈണത്തില്‍ പിറന്ന പാട്ടുകള്‍ മലയാളി പാടിക്കൊണ്ടേയിരിക്കും. അതുതന്നെയാണ് ആ മഹാപ്രതിഭയ്ക്കുള്ള അര്‍ച്ചനയും.

Tags : Fr. Dr. Jestin Panackal harmony

Recent News

Corehub Up