x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല': ആസൂത്രിത ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ


Published: February 26, 2026 10:39 AM IST | Updated: February 26, 2026 10:39 AM IST

ആലപ്പുഴ: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വീണാ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ബുധനാഴ്ചയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമായ കടന്നാക്രമണം നടത്താനാണ് ശ്രമം. വി.ഡി. സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെ, ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

Tags : minister woman M.V. Govindan Attack Veena George

Recent News

Corehub Up