കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിനു പിന്നാലെ ഓണ്‍ലൈന്‍ വായ്പാതട്ടിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ദിവസവും നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരയാകുന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. പണം നഷ്ടപ്പെടുന്നവരും ചതിക്കുഴിയില്പ്പെടുന്നവരില് ഭൂരിഭാഗം പേരും പരാതിയുമായി രംഗത്തെത്താന്‍ മടിക്കുന്നത് തട്ടിപ്പുസംഘങ്ങൾക്ക് സഹായമാകുന്നു. അതേസമയം പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ തണുപ്പന്‍ പ്രതികരണമാണു ലഭിക്കുന്നതെന്നും തട്ടിപ്പിനിരയായവർ ആരോപിക്കുന്നു.
എട്ടിന്റെ പണി
മറ്റു തടസങ്ങളൊന്നുമില്ലാതെ വേഗത്തില്‍ പണം കിട്ടുമെന്ന ഒരേയൊരു കാരണമാണ് മൊബൈല്‍ ലോണ്‍ ആപ്പുകളിലേക്ക് പലരെയും എത്തിക്കുന്നത്. പ്ലേസ്റ്റോറില്‍ ലഭ്യമായ ലോണ്‍ ആപ്പുകളില്‍ ചുരുക്കം ചിലതൊഴിച്ചാല്‍ ഭൂരിഭാഗം ആപ്പുകള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്സി ലൈസന്‍സ് ഇല്ലാത്തവയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂരിഭാഗം ആപ്പുകള്‍ക്കു പിന്നിലും ഉത്തരേന്ത്യക്കാരാണ്.
അടവ് മുടങ്ങിയാല്‍ ആപ്പിലാകും
വായ്പാതിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളും ഫോണ്‍ വിളികളും മാത്രമല്ല വായ്പയെടുക്കുന്ന ആളിന്റെ നഗ്ന ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഭീഷണിയുമുണ്ട്. വായ്പയെടുത്ത പണത്തിനു പുറമെ അധിക തുകയും ആവശ്യപ്പെടുന്ന സംഘങ്ങളും സജീവമാണ്. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10 മുതല്‍ 25 ശതമാനം പ്രോസസിംഗ് ചാര്‍ജുമാണ് ഈടാക്കുന്നത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇതു പ്രവര്‍ത്തിക്കുന്നതിനായി പിന്നീടുള്ള ആപ്പ് പെര്‍മിഷനുകള്‍ നല്കിക്കഴിഞ്ഞാല് ഫോണ്‍ ഹാക്ക് ചെയ്തു പണം തട്ടുന്ന സംഘങ്ങളുമുണ്ട്. ഇത്തരത്തില്‍ ഹാക്കിംഗിലൂടെയാണ് സ്വകാര്യ ചിത്രങ്ങളടക്കം സംഘം കൈക്കലാക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അംഗീകൃത ധനകാര്യ സംവിധാനങ്ങളെ മാത്രം വായ്പകള്‍ക്ക് ആശ്രയിക്കുക. ആപ്പുകള്‍ ഉപയോഗിച്ചാല്‍ അവ ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പലിശനിരക്കുകളും തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും മനസിലാക്കിയശേഷം മാത്രം ലോണ്‍ എടുക്കുക. ലോണ്‍ ആപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവര്‍ ആദ്യം ചെയ്യേണ്ടത് 1930ല്‍ അറിയിക്കുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയോ ആണ്.
Tags : Threatening defamatory messages online loans App