ജോമി കുര്യാക്കോസ്ജോമി കുര്യാക്കോസ്യുഡിഎഫ്, എന്‍ഡിഎ വികസന കാഴ്ചപ്പാടില്‍ പോരായ്മകളുണ്ട്. അതിൽ ധനകാര്യ തന്ത്രങ്ങളുടെ പോരായ്മകള്‍ നിഴലിച്ചു നില്ക്കുന്നു. എന്‍ഡിഎയുടെ പ്രകടന പത്രിക ശുദ്ധ അസംബന്ധമാണ്. കടബാധ്യത തീര്‍ക്കുമെന്നു പറയുന്നത് യുക്തിസഹമല്ല. ലോകത്ത് കടബാധ്യതയില്ലാത്ത ഏതെങ്കിലും രാജ്യമോ സംസ്ഥാനമോ ഉണ്ടോ? ഇന്ത്യക്കും കടബാധ്യതയുണ്ട്.
സംസ്ഥാനത്തെ അറിയാത്ത ചിലര്‍ എവിടെയിരുന്നോ ഉണ്ടാക്കിയ ഗാരന്റികളാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1,000 രൂപ ധനസഹായം നല്‍കുമെന്നാണ് ഒരു പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നില്ല. അവരെ പ്രോത്സാഹിപ്പിക്കാന്‍ ആയിരം രൂപ കൊടുക്കണം. ആ പദ്ധതിയാണ് അവര്‍ കേരളത്തില്‍ കൊണ്ടുവരുമെന്നു പറയുന്നത്.
25 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് നല്‍കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം വന്‍കിട ആശുപത്രികളെ സഹായിക്കാനാണ്. അവിടെ ചികിത്സയ്ക്കുള്ള പ്രീമിയം ഖജനാവില്നിന്നെടുത്തു കൊടുക്കേണ്ടിവരും.
സര്‍ക്കാര്‍ ആശുപത്രികളിലോ അക്രഡിറ്റഡ് ആശുപത്രികളിലോ ചികിത്സ തേടിയാല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യം എന്നതാണ് എല്‍ഡിഎഫ് നയം. ഇതുവരെയുള്ള ഇന്‍ഷ്വറന്‍സ് ക്ലെയിമുകളില്‍ 99 ശതമാനവും ഈ പരിധിയില്‍ വരുന്നതാണ്.
►കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കുടിശിക
കഴിഞ്ഞ 10 വര്‍ഷത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളിലെല്ലാം കുടിശികയുണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ തരുന്ന ഗ്രാന്റുകള്‍ തന്നിഷ്ടപ്രകാരം വെട്ടിക്കുറച്ചു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നമ്മുടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം മാത്രമേ കേന്ദ്രത്തില്‍നിന്നും ലഭിച്ചുള്ളു.
മറ്റു സംസ്ഥാനങ്ങള്‍ക്ക് 50-60 ശതമാനത്തിനിടയില്‍ കിട്ടി. കേരളത്തിന് 20 ശതമാനത്തില്‍ താഴെ. ഇത് ഒരുപാട് മാര്ഗതടസങ്ങളുണ്ടാക്കിയെങ്കിലും മറികടക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
►വികസനമുന്നേറ്റം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്ന നിയമം പാസാക്കി. ഇത് പൂര്‍ണതയിലേക്ക് വരാന്‍ സമയമെടുക്കും.30,000 കോടിയുടെ പശ്ചാത്തല സൗകര്യങ്ങളുടെ പണി തീര്‍ത്തു. ഒരുലക്ഷം കോടിയുടെ വികസനം നടന്നുകൊണ്ടിരിക്കുന്നു. ദേശീയ പാത അവസാനഘട്ടത്തിലാണ്. ഇതൊക്കെ പൂര്‍ത്തീകരിക്കാന്‍ രണ്ടു ലക്ഷം കോടിയുടെ എംഒയു പല ഘട്ടങ്ങളായി ഒപ്പിട്ടിട്ടുണ്ട്.
►റവന്യു വരുമാനം വര്‍ധിപ്പിക്കണം
സംസ്ഥാനത്തിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കാതെ വികസനം നടപ്പാക്കാനാകില്ല. പെന്ഷന്, ക്ഷേമം എന്നിവയ്ക്കു മുന്തിയ പരിഗണന നല്‍കണം. ബജറ്റിനു പുറത്തുനിന്നു വായ്പ എടുത്താലേ പശ്ചാത്തല വികസനം സാധ്യമാകൂ. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധിക്കില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു പദ്ധതിയും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നില്ല.
►കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല
കേന്ദ്രപിന്തുണ ഡബിള്‍ എന്ജിന് സര്‍ക്കാരിനേ കൊടുക്കുകയുള്ളു. അതു മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. എയിംസ് വേണമെങ്കില്‍ ബിജെപിയെ തെരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ബിജെപിയെ തെരഞ്ഞടുക്കണമെന്നാണു പ്രധാനമന്ത്രി പറയുന്നത്. അപ്പോള്‍ അതിനെ വെല്ലുവിളിക്കാന്‍ പറ്റണം. ഇടതുമുന്നണി പറയുകയാണ് എംയിസല്ല അതിനപ്പറുമുള്ള വലിയ സ്ഥാപനം ലോക മലയാളികളുടെ സഹകരണത്തോടെ സ്ഥാപിക്കും. മെഡിക്കല്‍ ഫീല്‍ഡിൽ ലോകമാകമാനമുള്ള പ്രഗത്ഭരെ ഇവിടേക്ക് ക്ഷണിക്കും. അതുവഴി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കും.
►കിഫ്ബിയെ തടഞ്ഞാല്‍ ഫൈറ്റ് ചെയ്യും
കിഫ്ബിയെ തടയുകയാണെങ്കില്‍ നിയമപരമായി ഫൈറ്റ് ചെയ്ത് നേടും. ഈ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതുമുന്നണിക്കേ കഴിയൂ.
►എഫ്സിആര്‍എ
ബിജെപി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ല. മതപരിവര്‍ത്തന വിരുദ്ധ നിയമം നിര്‍മിച്ചിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. രാജ്യം മുഴുവന്‍ നിരവധി ആശുപത്രികള്‍, സ്കൂളുകള്‍, അനാഥാലങ്ങള്‍ എന്നിവ ക്രിസ്ത്യന്‍ സമുദായവും സന്യസ്തരും പുരോഹിതരും നടത്തുന്നതാണ്. ഇതു മതപരിവര്‍ത്തനമാണെന്നു പറഞ്ഞ് ആക്രമണം നടത്തുന്നു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഇന്ത്യ മുഴുവന്‍ അക്രമം നടത്തി. ഇതില്‍ അദ്ഭുതപ്പെടാനില്ല. ഹിന്ദുത്വ ഭരണകൂടം സ്ഥാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകള്‍ ഇവരാണ് രാജ്യത്തിന്റെ ശത്രു എന്നല്ലേ പറഞ്ഞത്. കേരളത്തില്‍ ബിജെപിക്ക് പച്ചപിടിക്കാന്‍ സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ആര്‍ക്കും നിലനില്‍പ്പില്ല. ഇതിന്റെ സമ്മര്ദമില്ലാത്തവരാണു കേന്ദ്രത്തിലിരിക്കുന്ന ബിജെപി.
►മൂന്നാം ഭരണം
മൂന്നാം ടേം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സര്‍ക്കാരിനെക്കുറിച്ച് നെഗറ്റീവ് ഇല്ല. പത്തു വര്‍ഷമായില്ലേ, ഇനിയൊരു ചേഞ്ച് വേണമെന്ന് പറഞ്ഞു പ്രചരിപ്പിക്കുകയാണ്. പത്തുവര്‍ഷമായി ഭരണത്തിനു പുറത്തുനില്‍ക്കുന്ന യുഡിഎഫ് ഇനി പുറത്തുനിന്നാല്‍ മുന്നണിയുണ്ടാകില്ല. ഇത്രയും നല്ലകാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു ഒരു ടേം കൂടി വേണം. ജനം അതിന് യുക്തിസഹമായ തീരുമാനമെടുക്കും.
Tags : Kerala Assembly Election Niyama Sabha Election UDF NDA LDF financial strategies development vision