കൊച്ചി: യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫ് ഉറപ്പിച്ചെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ ചർച്ച തുടങ്ങിയിരുന്നു.
കെ.കരുണാകരനും എ.കെ.ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടക കക്ഷികളിൽ നിന്ന് തനിക്ക് കിട്ടി. സ്ഥാനമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നഷ്ടങ്ങൾ നേരിട്ട് തനിക്ക് പരിചയമുണ്ട് അതിൽ ആശങ്കയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകില്ല.
ഏത് രാഷ്ട്രീയ പാർട്ടിയിലും എന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലും ഉണ്ടാകാം. എന്നാൽ അതൊരു തർക്കത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവന. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.
വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ദേശീയ തലത്തിലെ ബിജെപി ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന സഹായവും ഒരു ഇൻസെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അത് യുഡിഎഫിന് അനുകൂലമാകും.
ശബരിമല വിഷയം ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിജെപിയേക്കാൾ ശക്തമായി ഈ വിഷയത്തിൽ യുഡിഎഫ് നിലകൊണ്ടതിനാൽ ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയിച്ചാൽ അത് ടീമിന്റെ വിജയമായിരിക്കുമെന്നും സതീശൻ പറഞ്ഞു.
Tags : election V.D.Satheesan udf