തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.