കോഴിക്കോട്: എന്നും കടും ചുവപ്പണിയാറുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ സംസ്ഥാനത്തെതന്നെ ഏറ്റവും വിലിയ ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീണ്ടും കളത്തിലിറങ്ങുമ്പോള്‍ രണ്ട് തവണ എൽഡിഎഫ് പിന്തുണയിൽ നിലമ്പൂരിൽനിന്നു നിയമസഭയിലെത്തിയ പി.വി. അൻവറാണ് യുഡിഎഫ് ടിക്കറ്റില്‍ എതിരാളിയായി എത്തുന്നത്.
യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി. പ്രകാശ്ബാബുവാണ് എന്‍ഡിഎയ്ക്കായി പട നയിക്കുന്നത്. രണ്ടാം പിണറായി സർക്കാറിന് ഭരണത്തുടർച്ച കിട്ടിയപ്പോൾ പുതുമുഖ മന്ത്രിമാരിൽ റിയാസിന് അവസരം കിട്ടുകയും പൊതുമരാമത്ത്-ടൂറിസം മന്ത്രിയായി പ്രധാന വകുപ്പ് തന്നെ കിട്ടിയതും ബേപ്പൂര്‍ മണ്ഡലത്തിന് വലിയപ്രതീക്ഷയുണ്ടാക്കി. മന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജനവിധി തേടാൻ റിയാസ് ഇറങ്ങിയത്.
എന്നാൽ പഴയ ചരിത്രത്തിനും കണക്കിനും കാര്യമില്ലെന്നും ഊതിവീർപ്പിച്ച വികസനത്തിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും ഇടതിന് എതിരായ ഒരു അടിയൊഴുക്ക് മണ്ഡലത്തിലാകെ ഉണ്ടെന്നും അത് അനുകൂലമാണെന്നും യുഡിഎഫ് നേതൃത്വവും അൻവറും ചൂണ്ടിക്കാട്ടുന്നു. ചുവപ്പ് കോട്ട നിലനിർത്താൻ റിയാസും എന്തു വില കൊടുത്തും റിയാസിനെ പരാജയപ്പെടുത്തുമെന്ന വാശിയിൽ അൻവറും പടക്കളത്തിലിറങ്ങുമ്പോൾ ബേപ്പൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ അത് തീപാറും പോരാട്ടമായി മാറിയിരിക്കുകയാണ്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബേപ്പൂരിൽ അവസാനമായി യുഡിഎഫ് ജയിച്ചത് 1977ൽ ആണ്. അന്നു ജയിച്ച കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ 1980ലും വിജയം ആവർത്തിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ്-യു സ്ഥാനാർഥിയായാണു മത്സരിച്ചത്. 1982 മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥികളാണു ജയിക്കുന്നത്.
2021ൽ റിയാസിന്റെ ഭൂരിപക്ഷം 28,747 വോട്ടായിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മണ്ഡലത്തിൽ എൽഡിഎഫിനുള്ള മേൽക്കൈ 1,340 വോട്ടാണ്. ഇത്തവണ വോട്ടുവിഹിതത്തില്‍ കാര്യമായി മുന്നേറ്റമുണ്ടാകുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ്ബാബു പറയുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഉണ്ടായ മുന്നേറ്റം ബേപ്പൂരിലേക്കും വ്യാപിക്കുമെന്ന പ്രതീക്ഷയാണ് പ്രകാശ് ബാബുവിനുള്ളത്.കോഴിക്കോട് കോർപറേഷന്റെ 41 മുതൽ 54 വരെ വാർഡുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം.
2021 വോട്ട് നില:
പി.എ. മുഹമ്മദ് റിയാസ് സിപിഎം)- 82,165
പി.എം. നിയാസ് ( കോണ്‍ഗ്രസ്)- 53418
കെ.പി. പ്രകാശ്ബാബു (ബിജെപി)- 26,267
ഭൂരിപക്ഷം: 28,747
Tags : Beypore Assembly Kerala Assembly Election Niyama Sabha Election NDA UDF LDF