ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണായകമായി അടയാളപ്പെടുത്തപ്പെട്ട സെന്റ് ബെർക്കുമൻസ് കോളജ് സ്ഥാപിതമാകുന്നത് 1922ലാണ്. പിന്നീടുള്ള നൂറു വർഷങ്ങളിൽ എസ്ബി മികവിന്റെ, മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ ചുരുക്കെഴുത്തായി മാറി. പഠിച്ചിറങ്ങിയവർ തങ്ങളുടെ കുട്ടികളെയും ആ പഠിപ്പുര കയറ്റിവിട്ടു.
അക്കാദമികരംഗത്ത് എസ്ബിയുടെ ചരിത്രം അനുക്രമമായ വികാസത്തിന്റേതായിരുന്നു. ഒരിക്കലും എസ്ബിയുടെ അക്കാദമിക് ഗ്രാഫ് താഴേക്കു പോയിട്ടില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് എസ്ബി നൽകുന്ന മാതൃകയും അതാണ്. മഹത്തായ പാരമ്പര്യവും ഉജ്വലമായ വർത്തമാനകാലവും ഇവിടെ സമന്വയത്തിലാണ്. ഇന്ന്, ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളെ പട്ടികപ്പെടുത്തുന്ന എൻഐആർഎഫിന്റെ റാങ്കിൽ എസ്ബി 56-ാം സ്ഥാനത്താണ്. കേരളത്തിലെ കോളജുകളിൽ അഞ്ചാമതും.
കേരളത്തിലെ മികച്ച കോളജിനുള്ള ആർ. ശങ്കർ അവാർഡ് രണ്ടു പ്രാവശ്യം, ‘നാക്കി’ന്റെ ഫൈവ് സ്റ്റാർ അക്രഡിറ്റേഷൻ, കേരളത്തിലെ ആദ്യത്തെ ഓട്ടോണമസ് കോളജ് കാലത്തോട് സംവദിച്ചും പ്രതിസന്ധികളെ തരണംചെയ്തും എസ്ബി സ്വരൂപിച്ചതാണ് ഇതെല്ലാം.
ക്രിസ്തുരാജ ടവർ
ചങ്ങനാശേരി അതിരൂപതയുടെ ഉന്നതമായ ദർശനങ്ങളാണ് എസ്ബിയുടെ വഴിവെളിച്ചം. എസ്ബിയുടെ മുഖമുദ്ര ഗോഥിക് ശൈലിയിൽ തലയുയർത്തി നിൽക്കുന്ന ടവറും വാനവിതാനനങ്ങളിൽനിന്ന് ലോകത്തെ അനുഗ്രഹിക്കുന്ന ക്രിസ്തുരാജനുമാണ്.
ഉയർന്നു നിൽക്കുന്ന ഈ നിർമിതി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ നെഞ്ചുറപ്പിന്റെ അടയാളമാണ്. 100 കൊല്ലത്തെ ചരിത്രത്തിൽ വിദ്യാർഥി പ്രവേശത്തിലും അധ്യാപക നിയമനത്തിലും മികവായിരുന്നു എസ്ബി മാനേജ്മെന്റിന്റെ പ്രധാന പരിഗണനാവിഷയം. കോളജിന്റെ ടവറിൽ ലോകത്തെ അനുഗ്രഹിച്ചു നിൽക്കുന്ന ക്രിസ്തു ക്രൈസ്തവ വിദ്യാഭ്യാസദർശനത്തിന്റെ കാതലാണ്.
പോയനൂറ്റാണ്ടിന്റെ അധരമുദ്രകൾ പതിഞ്ഞ തിരുസ്വരൂപത്തിൽ കാലത്തോട് എസ്ബി പറഞ്ഞതും ഇനി പറയാനിരിക്കുന്നതും ഉണ്ട്. അഹന്തയുടെ കിരീടമല്ല മുള്ളുള്ള നക്ഷത്രങ്ങൾ ചൂടിയവനാണ് അവൻ. ഉന്നതവിതാനങ്ങളിലാണെങ്കിലും ലോകത്തിന് അനുഗ്രഹം ചൊരിയുന്നു.
അടിമത്തവും സ്വാതന്ത്ര്യവും കണ്ട എസ്ബിയുടെ ഒരു നൂറ്റാണ്ട് അവസാനിക്കുന്നു. നവോത്ഥാനവും പടയൊരുക്കങ്ങളും ഉൾക്കിടിലങ്ങളും കടന്ന്, അമ്പരപ്പിക്കുന്ന വേഗവും പുതിയ സാങ്കേതികവിദ്യയുമായി ജെൻസികൾ വന്നു. ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ പ്രതാപകാലം കഴിഞ്ഞെന്നു പറയുന്നുവെങ്കിലും എസ്ബിയിലെ ക്ലാസ് മുറികൾ സജീവമാണ്. എത്രയെത്ര തലമുറകളാണ് ഈ തുറമുഖത്ത് നങ്കൂരമിട്ടത്. എന്നും എസ്ബി മന്ത്രിക്കുന്നത് ‘നക്ഷത്രങ്ങളോട് ഭൂമിയെ നോക്കാനും കണ്ണുകളോട് ആകാശങ്ങളെ നോക്കാനും’ തന്നെ.
മോൺ. ആന്റണി എത്തയ്ക്കാട്ട് (മാനേജർ എസ്ബി കോളജ്)
തിരുവിതാംകൂർ രാജാക്കന്മാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന അധ്യാപകനായിരുന്നു ആർ.പി. കുളന്തൈസ്വാമിപ്പിള്ള. എസ്ബി കോളജിലെ ആദ്യകാല അധ്യാപകരിൽ ഒരാളാണദ്ദേഹം. പുതുതായി ആരംഭിച്ച എസ്ബി കോളജിൽ ക്ലാസുകൾ തുടങ്ങി. ഏതാനും ദിവസങ്ങൾ പിന്നിട്ടു. കുളന്തൈസ്വാമിപ്പിള്ള സാർ ക്ലാസിൽ നിറഞ്ഞാടുകയാണ്. അപ്പോൾ ഒരു കുട്ടി ക്ലാസിന്റെ വാതിലിനുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. കൈയിൽ ഒരു ലെറ്ററുമുണ്ട്. പുതിയ അഡ്മിഷനാണ്. സാർ ക്ലാസിലേക്ക് ഒന്നു നോക്കി. അഞ്ചും ആറും പേർക്കിരിക്കാവുന്ന ബെഞ്ചിൽ എട്ടും ഒൻപതും പേരാണിരിക്കുന്നത്. ക്ലാസിൽ നിറഞ്ഞിരിക്കുകയാണ് 125 പേർ. ഇനി ഇവനെ എവിടെ ഇരുത്തും. അദ്ദേഹം വിഷമിച്ചു. എങ്കിലും അവനെയും ക്ലാസിൽ കയറ്റി. എസ്ബി കോളജിന്റെ ആദ്യബാച്ചിലെ ഈ 126-ാമനാണ് വി.വി. ജോൺ. അദ്ദേഹം പിന്നീട് ജോഡ്പുർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായി.
1952ല്‍ ശ്രി ചിത്തിര തിരുനാള്‍ മഹാരാജാവ്, 1986ല്‍ രാഷട്രപതി ഗ്യാനി സെയില്‍സിംഗ്, 1992ല്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ്പാട്ടീല്‍, 1997ല്‍ ഉപരാഷ്ട്രപതി കെ.ആര്. നാരായണന്, 2005ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവര്‍ എസ്ബി കോളജ് സന്ദര്‍ശിച്ച പ്രമുഖരില്‍പ്പെടുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൊബേല്‍ സമ്മാനജേതാക്കളും എസ്ബിയുടെ കാമ്പസിലെത്തിയിട്ടുണ്ട്.
125 വിദ്യാർഥികളുമായാണ് പാറേൽപ്പള്ളിക്ക് സമീപം 1922 ജൂൺ 19ന് എസ്ബി കോളജ് തുടങ്ങിയത്. ഇപ്പോൾ മൂവായിരത്തോളം വിദ്യാർഥികളും 140 അധ്യാപകരുമുണ്ട്. 10 റിസർച്ച് ഡിപ്പാർട്ട്മെന്റുകൾ, 15 മേജർ കോഴ്സുകൾ, 22 മൈനർ കോഴ്സുകൾ, 22 മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, 19 വാല്യു ആഡഡ് കോഴ്സുകൾ, 16 സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാലയമാണ് ഇപ്പോൾ എസ്ബി.
എസ്ബി കോളജ് മലയാള സിനിമയുടെ ചരിത്രത്തിലെ പല നിർണായക ഏടുകൾക്കും സാക്ഷ്യം വഹിച്ച ഒരിടം കൂടിയാണ്. ഈ കാമ്പസിന്റെ ഇടനാഴികളിൽനിന്ന് വെള്ളിത്തിരയുടെ ലോകത്തേക്ക് നടന്നുകയറിയ പ്രതിഭകളുടെ പട്ടിക പരിശോധിക്കുമ്പോൾ അത് മലയാള സിനിമയുടെ തന്നെ ഒരു ലഘുചരിത്രമായി മാറും. ഇതിൽ ഏറ്റവും തിളക്കത്തോടെ നിൽക്കുന്നത് അബ്ദുൾ ഖാദർ എന്ന പ്രേംനസീറാണ്.
1948-49 കാലഘട്ടത്തിൽ ന്യൂമാൻസ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു അബ്ദുൾ ഖാദർ. നാടകത്തോടു പ്രത്യേക ആഭിമുഖ്യമൊന്നും ഇല്ലാതിരുന്നിട്ടും കോളജ് അധികൃതർ നിർബന്ധപൂർവം അദ്ദേഹത്ത ഇംഗ്ലീഷ് നാടകത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രസിദ്ധനായ പ്രഫ. സി.എസ്. ഷെപ്പേർഡിന്റെ സംവിധാനത്തിൽ അരങ്ങേറിയ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിൽ ഷൈലോക്ക് എന്ന യഹൂദ വ്യാപാരിയായി അബ്ദുൾ ഖാദർ വേഷമിട്ടു.
ഷൈലോക്കിനെ അനശ്വരമാക്കിയ ആ നിമിഷം, മലയാള സിനിമയ്ക്ക് ലഭിക്കാൻ പോകുന്ന നിത്യഹരിത കാമുകന്റെ ജനനമായിരുന്നു. ഇന്നും എസ്ബി കോളജിൽ നടക്കുന്ന നാടകമത്സരങ്ങളിൽ വിജയികൾക്ക് നൽകുന്ന വെള്ളി ട്രോഫി പ്രേംനസീറിന്റേതാണ്.
എസ്ബിയുടെ സിനിമാവസന്തം
പ്രേംനസീർ തുറന്നുവച്ച ആ വഴിയിലൂടെ പിന്നീട് നിരവധി പ്രതിഭകൾ മലയാള സിനിമയുടെ മുഖമുദ്രകളായി മാറി. അഭിനയരംഗത്ത് എസ്ബിയുടെ അഭിമാനമായി മാറിയ എം.ജി. സോമൻ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ കലാലയത്തിന്റെ മണ്ണിൽ അറിവും അനുഭവവും നുകർന്നവരാണ്. ജനപ്രിയ സിനിമകളുടെ തമ്പുരാൻ മുട്ടത്തു വർക്കിയുടെ തൂലിക ചലിച്ചതും ഇതേ അന്തരീക്ഷത്തിലായിരുന്നു.
മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച സിബി മലയിൽ, ദൃശ്യവിസ്മയങ്ങൾ ഒരുക്കുന്ന ജീത്തു ജോസഫ്, മാർട്ടിൻ പ്രക്കാട്ട്, ടോണി ചിറ്റേട്ടുകളം തുടങ്ങിയവർ എസ്ബിയുടെ സംഭാവനകളാണ്. ബിപിൻ ചന്ദ്രനെപ്പോലുള്ള പ്രതിഭകൾ തങ്ങളുടെ സർഗാത്മകതയുടെ ബാലപാഠങ്ങൾ നുകർന്നത് ഇവിടെനിന്നാണ്.
ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി ഈ കലാലയത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. വിദ്യാർഥിയെന്ന നിലയിലും നേതാവെന്ന നിലയിലും അദ്ദേഹം ഇവിടെ ചെലവഴിച്ച കാലഘട്ടം അദ്ദേഹത്തിലെ നേതാവിനെ പരുവപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പി.ടി. ചാക്കോ, കെ.എം. ജോർജ്, കെ.എം. ചാണ്ടി, ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻ നായർ തുടങ്ങിയവരും കോളജിന്റെ പൂർവവിദ്യാർഥികളാണ്. കൂടാതെ പി. പരമേശ്വരൻ, പ്രഫ. നൈനാൻ കോശി തുടങ്ങിയ പ്രഗത്ഭരും എസ്ബിയുടെ സന്താനങ്ങളാണ്. വരദരാജൻ നായർ, മക്കപ്പുഴ വാസുദേവൻപിള്ള, ഡി. ദാമോദരൻ പോറ്റി, കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, എ.എ. റഹിം, എം.എം. ജോസഫ്, സി.വി. പത്മരാജൻ, ഇ. ചന്ദ്രശേഖരൻ, കെ. നാരായണക്കുറുപ്പ്, സി.എഫ്. തോമസ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, പി.സി. തോമസ്, ജോബ് മൈക്കിൾ തുടങ്ങിയവരും എസ്ബിയുടെ മുൻനിര വിദ്യാർഥി നേതാക്കളായിരുന്നു.
ആത്മീയ നേതൃത്വത്തിന്റെ കളിത്തൊട്ടിൽ
സഭയുടെ ഉന്നത പദവികളിലിരുന്ന് ജനങ്ങളെ നയിച്ച കർദിനാൾമാരും പിതാക്കന്മാരും അടങ്ങുന്ന ഒരു വലിയ ആത്മീയ സമ്പത്ത് ഈ കലാലയത്തിന്റെ അഭിമാനമാണ്.
എസ്ബി കോളജിൽനിന്ന് അറിവും ആത്മീയ ദർശനവും നുകർന്ന പ്രമുഖ മതമേലധ്യക്ഷന്മാർ ഇവരാണ്:
• കർദിനാൾ മാർ ജോർജ് ആലഞ്ചേരി
• കർദിനാൾ മാർ ജോർജ് കൂവക്കാട്
• മാര്‍ ജോര്‍ജ് കോച്ചേരി (ആർച്ച്ബിഷപ്, നുൺഷ്യോ)
• ദൈവദാസൻ മാർ മാത്യു കാവുകാട്ട് (ആർച്ച്ബിഷപ്)
• മാർ സെബാസ്റ്റ്യൻ വയലിൽ (ബിഷപ്)
• മാർ ജോസഫ് പൗവത്തിൽ (ആർച്ച്ബിഷപ്)
• മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി (ബിഷപ്)
• ഗീവർഗീസ് മാർ ദിവന്നാസിയോസ് (ബിഷപ്)
• തോമസ് മാർ കൂറിലോസ് (ആർച്ച്ബിഷപ്)
• മാർ ജോസഫ് പെരുന്തോട്ടം (ആർച്ച്ബിഷപ്)
• മാർ തോമസ് തറയിൽ (ആർച്ച്ബിഷപ്)
• മാർ തോമസ് പാടിയത്ത് (ബിഷപ്)
സാഹിത്യകുലപതികൾ
മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ എസ്ബി കോളജിന്റെ സ്വാധീനം വളരെ വലുതാണ്. മുട്ടത്തുവർക്കി മുതൽ ആധുനിക മലയാള കവിതയുടെ ശബ്ദമായ വിഷ്ണു നാരായണൻ നമ്പൂതിരി വരെ നീളുന്ന ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. പ്രഫ. പി.വി. ഉലഹന്നാൻ മാപ്പിള, പ്രഫ. ജി. കുമാരപിള്ള, ഡോ. ജോർജ് ഓണക്കൂർ, ഡോ. സ്കറിയ സക്കറിയ, പെരുന്ന കെ.എൻ. നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്. അജു കെ. നാരായണൻ, മനോജ് കുറൂർ തുടങ്ങിയ എഴുത്തുകാർ തങ്ങളുടെ സർഗാത്മകതയിലൂടെ മലയാള സാഹിത്യത്തെ ഇന്നും സജീവമായി നിലനിർത്തുന്നു.
വിദ്യാഭ്യാസ വിചക്ഷണർ
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിരവധി പേർ എസ്ബിയുടെ മണ്ണിൽനിന്ന് ഉയർന്നു വന്നു. ഡോ. എ.വി. വർഗീസ്, ഷെവ. കെ.സി. ചാക്കോ, ഡോ. എം.വി. പൈലി, ഡോ. ജെ.വി. വിളനിലം എന്നിവർ എസ്ബിയുടെ അഭിമാനസ്തംഭങ്ങളാണ്.
സിവിൽ സർവീസിലെത്തിയവർ
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വലിയൊരു നിരതന്നെ ഇവിടെനിന്നുണ്ടായി. സിബി മാത്യു, മാത്യു ജോൺ, രാജു നാരായണ സ്വാമി, ടി.ടി. ജോസഫ്, ഡോ. മാത്യു ജോസഫ്, വി. കൃഷ്ണമൂർത്തി, സി.വി. ആനന്ദബോസ്, പോൾ ജോസഫ് തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ നാടിന് സേവനം ചെയ്തു.
നീതിയുടെ കാവലാളുകൾ
നീതിപീഠത്തിലെത്തി മലയാളികളുടെ അഭിമാനമായി മാറിയ ഒട്ടേറെപ്പേർ എസ്ബിയിൽനിന്ന് പഠിച്ചിറങ്ങിയവരാണ്. ജസ്റ്റീസ് കെ.കെ. മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കെ. ജോസഫ് തുടങ്ങിയ പ്രഗത്ഭർ സുപ്രീംകോടതി ജഡ്ജിമാരായും നീതിയുടെ കാവലാളുകളായും രാജ്യത്തിന് നൽകിയ സംഭാവനകൾ വലുതാണ്.

1961-65 കാലത്താണ് ഞാന്‍ എസ്ബി കോളജില്‍ പഠിച്ചത്. പഠനത്തിലും കോളജിലെ പരിശീലന പരിപാടികളിലുംനിന്നു സ്വീകരിച്ച നന്മകള് പച്ചകെടാതെ മനസില്‍ നില്ക്കുന്നു.
സി.എ. ഷെപ്പേര്‍ഡ്, എ.ഇ. അഗസ്റ്റിന്, മാധവന് പിള്ള മുതലായ ഇംഗ്ലീഷ് പ്രഫസര്‍മാരുടെയും സി. ഇസഡ്. സ്കറിയ, കെ.കെ. ഫ്രാന്‍സിസ്, ടി.വി. ഏബ്രാഹം, ഡി. വര്‍ഗീസ്, തോമസ് കണയംപ്ലാവന്‍ തുടങ്ങിയ ഇക്കണോമിക്സ് പ്രഫസര്‍മാരുടെയും ക്ലാസുകള്‍ മനസില്‍ തെളിഞ്ഞു നില്ക്കുന്നു. എസ്ബി കോളജ് എക്കാലത്തും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ശക്തി പകരുന്ന ഒരു വികാരമാണ്. ശതാബ്ദി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ കാലാകാലങ്ങളിലായി കോളജിനുണ്ടായ വളര്‍ച്ചയിലും പദവിയിലും അനേകരോടൊപ്പം ഞാനും സന്തോഷിക്കുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

അഞ്ചുവിളക്കിന്റെ നഗരത്തിന് അക്ഷരവെളിച്ചത്തിന്റെ പ്രഭപരത്തുന്ന കലാലയത്തില്‍ അഞ്ചുവര്‍ഷം പഠിച്ചതിന്റെ അഭിമാനമാണ് എനിക്കുള്ളത്. പഠനകാലയളവ് വ്യക്തിപരമായി അറിവ് സമ്പാദിക്കുന്നതോടൊപ്പം വ്യക്തിത്വം രൂപീകരിക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും നേതൃത്വവാസന വളര്‍ത്തിയെടുക്കുന്നതിനും പൗരോഹിത്യജീവിതത്തിലേക്കുള്ള ദൈവവിളിക്കുള്ള തീരുമാനം എടുക്കുന്നതിനും സൗഹൃദബന്ധങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള വര്‍ഷങ്ങളായിരുന്നു.
ഔദ്യോഗികതകള്പ്പുറം നിലനില്‍ക്കുന്ന ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളത എന്റെ വളര്‍ച്ചയില്‍ ഏറെ സഹായിച്ച ഒരു പ്രത്യേകതയാണ്. ഒരിക്കലെങ്കിലും ഈ കലാലയത്തില്‍ പ്രവേശിച്ചിട്ടുള്ളവര്‍ കോളജിന്റെ അടയാളമായി ഉയര്ന്നുനില്ക്കുന്ന ഈശോയുടെ തിരുരൂപം കണ്ടിട്ടുണ്ടാകും.
കേരളം കണ്ട വിഖ്യാതരായ നേതാക്കള്‍ക്കും കലാകാരന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും ജന്മം നല്കിയ ഈ കലാലയം ഇന്നും പൗരബോധവും ക്രിസ്തീയമൂല്യങ്ങളുമുള്ള വ്യക്തികളെ സമൂഹത്തിനു സമ്മാനിച്ചുകൊണ്ടിരിക്കുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്
1987-89 വര്‍ഷത്തിൽ പ്രീഡിഗ്രിക്കാണ് എസ്ബിയില്‍ പഠിച്ചത്. എസ്ബി കോളജ് ഒരു കലാലയം എന്നതിലുപരി ഒരു സംസ്കാരമാണ്. ലോകമെമ്പാടും എസ്ബിയെ നെഞ്ചിലേറ്റുന്ന പൂര്വവിദ്യാര്ഥികളുണ്ട്. തങ്ങള്‍ക്ക് ഈ കാമ്പസില്‍നിന്നു ലഭിച്ച നന്മകളുടെ നേര്‍സാക്ഷ്യമാണ് അവരുടെ ജീവിത വിജയം. ഭൗതിക വിജ്ഞാനത്തോടൊപ്പം ആത്മീയമായ കാഴ്ചപ്പാടുകളും നേടിയെടുക്കാന്‍ അനേകരെയെന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്.
സമീപഭാവിയില്‍തന്നെ ഒരു സര്‍വകലാശാലയായി മാറി ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എണ്ണമറ്റ സംഭാവനകള്‍ നല്കാന് എസ്ബിക്ക് കഴിയട്ടെ.
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
ദ്വിവത്സര പ്രീഡിഗ്രി കോഴ്സ് ആരംഭിച്ച പ്രഥമബാച്ചില്‍ ഫസ്റ്റ് ഗ്രൂപ്പിലെ വിദ്യാര്‍ഥിയായിരുന്നു. പാറേല്‍ പെറ്റി സെമിനാരി വൈദികാര്ഥിയായിരിക്കെയാണ് എസ്ബിയില്‍ ചേര്‍ന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അപ്പസ്തോലിക് മുന്‍ ന്യുണ്‍ഷോ മാര്‍ ജോര്‍ജ് കോച്ചേരി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജസ്റ്റീസ് സിറിയക് ജോസഫ് തുടങ്ങിയവര്‍ അക്കാലഘട്ടത്തിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു.
അന്നത്തെ അധ്യാപകരായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍, എ.ഇ. അഗസ്റ്റിന്, പനവേലി സാര്‍, പ്രഫ. കെ.ടി. സെബാസ്റ്റ്യന്‍, പ്രഫ. കെ.വി. തോമസ്, പ്രഫ. ഉലഹന്നന്‍ മാപ്പിള എന്നിവരെ മറക്കാനാവില്ല. എസ്ബിയുടെ മഹത്വവും ചരിത്രവും കാലഘട്ടത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങളും ഭൂഗോളത്തിന്റെ അതിര്‍ത്തികള്‍വരെ നിറഞ്ഞുനില്ക്കുന്നു.
മാര്‍ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി മുന്‍ ആര്‍ച്ച്ബിഷപ്
1970-1972 വര്‍ഷത്തില്‍ എസ്ബി കോളജില്‍ ഞാന്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ അറിവിന്റെയും മൂല്യങ്ങളുടെയും പ്രകാശഗോപുരമാണ് ഈ കലാലയം. എസ്ബിയുടെ കാമ്പസിലെ പഠനം മറക്കാനാവാത്ത ഓര്‍മകളാണ്.
രാഷ്ട്രിയബാലപാഠങ്ങളും സമൂഹത്തോടുള്ള പ്രതിബദ്ധതയും എനിക്കു പകര്‍ന്നത് എസ്ബി കോളജാണ്. ഈ കലാലയം ഉന്നത വിദ്യാഭ്യാസ രംഗത്ത് അനേകം വിദ്യാര്‍ഥികള്‍ക്ക് വെളിച്ചമാകട്ടെ.
അടൂര്‍ പ്രകാശ് എംപി സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍
എസ്ബിയെ യഥാര്‍ഥത്തില്‍ വ്യത്യസ്തമാക്കുന്നത് പാരമ്പര്യവും ആധുനികതയും ഒരുപോലെ നിലനിര്‍ത്താനുള്ള അതിന്റെ കഴിവാണ്. ലീഡ്, കൈന്ഡ്ലി ലൈറ്റ് എന്ന പ്രാര്‍ഥനയുടെ ശാന്തതയോടെ ആരംഭിക്കുന്ന ഇവിടത്തെ പകലുകള്‍ അവസാനിക്കുന്നത് ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ ഹൈ-ടെക് ഊര്ജസ്വലതയിലായിരിക്കും.
ഇവിടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് വെറുമൊരു മുദ്രാവാക്യമല്ലാത്ത, അനുദിനം ജീവിച്ചു കാണിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. വരും തലമുറകള്‍ക്ക് വഴികാട്ടിയായി, അറിവിന്റെ സമാനതകളില്ലാത്ത ഒരു മഹാസൗധമായി ഈ കലാലയം ഇന്നും നിലകൊള്ളുന്നു.
ഫാ. ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍ പ്രിന്‍സിപ്പല്‍ എസ്ബി കോളജ്
എസ്ബിയില്‍ പഠിക്കാനെത്തിയത് പ്രീ യൂണിവേഴ്സിറ്റിക്കാണ്. 1958കാലം. എസ്എച്ച് ഹോസ്റ്റലിലാണ് താമസിച്ചത്. ക്ലാസ് മുറികളും കാമ്പസും നല്ലോര്‍മകളാണ്. അന്നും സഹപാഠികളോടൊപ്പമിരുന്ന് പാട്ടുപാടി രസിച്ചിരുന്നു. ഷെപ്പേര്‍ഡ് സാറിനെ മറക്കാനാവില്ല.
പി.ജെ. ജോസഫ് എംഎല്‍എ മുന്‍മന്ത്രി
Tags : Century of stars SB College Changanacherry centenary celebration