മലയാള സിനിമ വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ. 2026ന്റെ ആദ്യപകുതി പൂർത്തിയാവുന്പോൾ മലയാളത്തിൽ റിലീസായത് 90 സിനിമകൾ. ഇവയിൽ ബഹുഭൂരിപക്ഷവും പരാജയപ്പെട്ടെങ്കിലും പരീക്ഷണങ്ങള്‍കൊണ്ടും ബോക്സ് ഓഫീസ് വിജയങ്ങള്‍കൊണ്ടും ഈ വർഷം ആദ്യപകുതി മലയാള സിനിമാ വ്യവസായത്തിനു പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ചിത്രങ്ങൾ തിയറ്ററിൽ വിജയിച്ചു. വരുമാനവും കൂടി. പക്ഷേ, അപ്പോഴും പരാജയചിത്രങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. ആദ്യപകുതി പിന്നിടുമ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളുടെ തിരിച്ചുവരവും ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും വ്യത്യസ്തമായ പ്രമേയങ്ങളുമാണ് 2026ൽ മലയാള സിനിമയെ വേറിട്ടു നിർത്തുന്നത്. 2026നെ മലയാള സിനിമയിലെ ‘സീക്വലുകളുടെ വര്‍ഷം’ എന്നു വിശേഷിപ്പിക്കാം. മുന്‍പ് ഹിറ്റായ ചിത്രങ്ങളുടെ തുടര്‍ച്ചയായി വന്ന സിനിമകള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
കാഴ്ചക്കാരും സെലക്ടീവായി
കാലം മാറുന്നതിനനുസരിച്ച് കാഴ്ചക്കാരും മാറിത്തുടങ്ങിയെന്നതാണ് ഈ വർഷത്തെ ഏറ്റവും പ്രധാന സവിശേഷത. കാര്യം നേരേപറഞ്ഞാൽ പ്രേക്ഷകർ സെലക്ടീവായി. തിയറ്റർ വാച്ച് ആവശ്യമുള്ള സിനിമകൾ തെരഞ്ഞുപിടിച്ചു കാണുന്ന കാഴ്ചക്കാരുടെ എണ്ണം കൂടി. നല്ല സിനിമകളെ സൂപ്പർ ഹിറ്റ് വിജയത്തിലെത്തിക്കാൻ പ്രേക്ഷകർ തയാറായി. അതേസമയം, നിലവാരമില്ലാത്ത ചിത്രങ്ങൾ തകർന്നടിയുന്ന കാഴ്ചയും കണ്ടു. ആകെ 50,000 രൂപയില്‍ താഴെ കളക്ഷന്‍ ലഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫാമിലിയായി സിനിമ കാണാൻ വരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടിയിട്ടുണ്ട്.
ഞെട്ടിച്ച് വാഴ 2
ഈ വര്‍ഷം ഇതുവരെ റിലീസായതിൽ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രം ‘വാഴ 2’ ആണ്. 234 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹിറ്റുകളൊന്നും പിറക്കാതിരുന്ന സമയത്ത് തിയറ്ററുകളെ രക്ഷിച്ചതും ‘വാഴ 2’വിന്റെ അപ്രതീക്ഷിത വിജയമാണ്. 13 കോടിരൂപ ബജറ്റിൽ പുത്തൻ താരനിരയെ അണിനിരത്തിയ വാഴ 2വിന്റെ വിജയം അണിയറപ്രവർത്തകരെപ്പോലും ഞെട്ടിച്ചു. ആദ്യഭാഗത്തേക്കാള് പ്രേക്ഷകരെ ചിരിപ്പിക്കാനും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനും ചിത്രത്തിനു സാധിച്ചു. പ്രത്യേകിച്ച് 17 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരുടെ ഇഷ്ടചിത്രമായി അതിവേഗം വാഴ 2 മാറി. 13 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ജിയോ ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടി.
50 കോടി കടന്ന് ആറ് ചിത്രങ്ങൾ
ഇതുവരെ ആറ് ചിത്രങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ തിയറ്റർ കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ദൃശ്യം 3 (ആഗോള കളക്ഷൻ 200 കോടി), ആട് 3 (120 കോടി), പേട്രിയറ്റ് (82 കോടി), അതിരടി (62 കോടി). ഭരതനാട്യം 2 മോഹിനിയാട്ടം (50 കോടി) എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നിലെത്തിയത്. ഇവയിൽ ആട് 3യും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച പേട്രിയട്ടും വലിയ മുടക്കുമുതലിൽ പുറത്തിറങ്ങിയ ചിത്രങ്ങളായതിനാൽ തിയറ്റർ ഷെയറുകൊണ്ടു ലാഭം നേടിയില്ല.
2026ന്റെ തുടക്കത്തിൽ ഫോര്‍ട്ട് കൊച്ചി പശ്ചാത്തലമാക്കി വന്ന അണ്ടര്‍ഗ്രൗണ്ട് റെസലിംഗ് കോമഡി ചിത്രമായ ചത്താ പച്ച (35 കോടി) പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കോമഡി ഹൊറർ മൂഡിൽ വന്ന ‘പ്രകന്പന’വും 25 കോടി രൂപ കളക്ഷൻ നേടി.
ഷാജി പാപ്പനും സംഘവും വീണ്ടുമെത്തിയ ‘ആട് 3’ ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ശരാശരി അഭിപ്രായമാണ് ചിത്രത്തിനു നേടാനായത്. ടൈം ട്രാവലർ പരീക്ഷിച്ചതു ചിത്രത്തെ കൂടുതൽ സങ്കീർണമാക്കിയെന്ന നിരീക്ഷണവുമുണ്ടായി.
മഹേഷ് നാരായണന് സംവിധാനം ചെയ്ത പേട്രിയട്ടിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചെന്ന പ്രത്യേകതയുണ്ടായിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര തുടങ്ങിയ വമ്പന്‍ താരനിരയുണ്ടായിരുന്ന ചിത്രം ആദ്യ ദിനങ്ങളില്‍ വലിയ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് ബോക്സ് ഓഫീസില്‍ മന്ദഗതിയിലായി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാസ് പ്രകടനം പ്രതീക്ഷിച്ച ഫാൻസിനെ ചിത്രം നിരാശപ്പെടുത്തി. എങ്കിലും മലയാള സിനിമയുടെ മേക്കിംഗ് നിലവാരം ഉയര്‍ത്തിയ ചിത്രമെന്ന നിലയിൽ ചിത്രം പ്രശംസിക്കപ്പെട്ടു.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന് എന്നിവര്‍ ഒന്നിച്ച അതിരടി കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു. തിയറ്ററുകളില്‍ 60 കോടിയിലധികം കളക്ട് ചെയ്ത് ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായി ഈ ചിത്രം മാറി.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഭരതനാട്യം 2 മോഹിനിയാട്ടം ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ വലിയ കയ്യടി നേടി. ആദ്യ ഭാഗത്തേക്കാള്‍ മികച്ച റിപ്പീറ്റ് വാല്യുവുള്ള ചിത്രമെന്നാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. ഒരു കൊലപാതകം ഒളിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യം പോലെതന്നെ ഈ ചിത്രത്തിന്റെ ഉള്ളടക്കവും വിമർശനവിധേമായി.
റിലീസിനു മുന്‍പേ കത്തിക്കയറി ദൃശ്യം 3
റിലീസിനു മുമ്പ് വലിയ ബിസിനസ് ലഭിച്ച ചിത്രമാണ് ജിത്തു ജോസഫ് -മോഹൻലാൽ ചിത്രമായ ദൃശ്യം 3. മുൻ ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നാംഭാഗത്തിനു മികവില്ലെന്ന പ്രേക്ഷക വിലയിരുത്തൽ ചിത്രത്തിന്റെ തിയറ്റർ കളക്ഷനെ ബാധിച്ചിട്ടുണ്ട്. റിലീസിംഗ് ഡേയിൽ 18 കോടിരൂപ കളക്ട് ചെയ്ത ചിത്രത്തിന് പത്താം ദിവസമായ ഇന്നലെ ഏഴു കോടിയിൽ താഴെയാണു കളക്ഷൻ. ആദ്യ രണ്ടു ഭാഗങ്ങളുടെയും സ്ക്രിപ്റ്റിനെ അപേക്ഷിച്ച തീർത്തും ദുർബലമായ സ്ക്രിപ്റ്റാണ് മൂന്നാം ഭാഗത്തിന്റേതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. കൂടാതെ ജിത്തു ജോസഫിന്റെ മേക്കിംഗ് ക്വാളിറ്റിയും വിമർശനവിധേയമായി. ജിത്തു ജോസഫിന്റെ കഴിഞ്ഞ ചിത്രങ്ങളായ ‘വലതുവശത്തെ കള്ളനും’ ‘മിറാഷും’ സമാനമായ വിമർശനത്തിനു വിധേയമായിരുന്നു. പ്രതീക്ഷിച്ച കളക്ഷന്‍ തിയറ്ററില്‍നിന്ന് ലഭിക്കില്ലെങ്കിലും ഒടിടി, ഓവര്‍സീസ്, അന്യഭാഷ റൈറ്റ്സ് അടക്കം 200 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
വരുംമാസങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ജയസൂര്യയുടെ കത്തനാര്, ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഈ വിജയക്കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.