നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർക്കു സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് രാഷ്ട്രപതിയുടെ റഫറൻസിനു മറുപടി നൽകിയതിനു തൊട്ടുപിന്നാലെയാണ് അതേ രാഷ്ട്രപതി ദ്രൗപദി മുർമുവിനു മുന്നിൽ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിയുടെ 16-ാമത് പ്രസിഡൻഷൽ റഫറൻസ് ബെഞ്ചിലെ മുതിർന്ന അംഗമായിരുന്നു ജസ്റ്റീസ് കാന്ത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) ഭരണഘടനാപരമാണോ അല്ലയോ എന്ന അടിസ്ഥാനപ്രശ്നത്തിൽ ജസ്റ്റീസ് കാന്തിന്റെ കാലത്ത് സുപ്രീംകോടതി അന്തിമതീർപ്പു കൽപ്പിക്കുമോയെന്നതാണു രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രശ്നം. ബിഹാറിനു പിന്നാലെ കേരളം, തമിഴ്നാട്, കർണാടക, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ ഉടൻ പൂർത്തിയാക്കുന്ന എസ്ഐആർ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയാറായിട്ടില്ല.
കോടതികളിൽ ‘ഭാരതീയത’ നടപ്പാക്കുന്നതിൽ മുൻഗാമിയായ ബി.ആർ. ഗവായിയുടെ അതേ പാതയിലാണു ചീഫ് ജസ്റ്റീസ് കാന്ത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നീക്കംചെയ്ത അനുച്ഛേദം 370 റദ്ദാക്കിയത് ഉൾപ്പെടെ സുപ്രീംകോടതിയുടെ നിരവധി സുപ്രധാന തീരുമാനങ്ങളിൽ ജസ്റ്റീസ് കാന്ത് ഭാഗമായിരുന്നു. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച ബെഞ്ചിലും ജസ്റ്റീസ് കാന്ത് ഭാഗമായിരുന്നു. ഇസ്രയേൽ നിർമിത പെഗാസസ് സ്പൈവേർ കേസ് കേട്ടതും, രാജ്യദ്രോഹ നിയമം താത്കാലികമായി നിർത്തിവച്ചതുമായ ബെഞ്ചുകളിൽ അദ്ദേഹം അംഗമായിരുന്നു.
വർഗീയ, വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരായ ആരോപണങ്ങളിൽ ചീഫ് ജസ്റ്റീസ് കാന്ത് തുടർനടപടി സ്വീകരിക്കുമോയെന്നതാണു നിയമലോകം ഉറ്റുനോക്കുന്നത്. അനുകൂല തീരുമാനത്തിനായി സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയിൽനിന്ന് അനാവശ്യ സമ്മർദം ഉണ്ടായന്ന് ചൂണ്ടിക്കാട്ടി, ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിൽനിന്നു റിട്ടയേഡ് ജസ്റ്റീസ് ശരദ് കുമാർ ശർമ പിൻവാങ്ങേണ്ടിവന്ന വിഷയം പരിശോധിക്കേണ്ടത് ചീഫ് ജസ്റ്റീസിന്റെ പ്രത്യേകാവകാശമാണെന്നു ജസ്റ്റീസ് കാന്ത് നയിച്ച ബെഞ്ച് അടുത്തിടെ പറഞ്ഞതു വിവാദമായിരുന്നു. ചീഫ് ജസ്റ്റീസ് എന്ന നിലയിൽ ജസ്റ്റീസ് കാന്ത് അക്കാര്യത്തിൽ ഇനിയെന്തു തീരുമാനമെടുക്കുമെന്നും ശ്രദ്ധേയമാകും.
സുപ്രീംകോടതിയിൽ കൂടുതൽ വനിതാ ജഡ്ജിമാരെ ശിപാർശ ചെയ്യുന്നതിലും ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സമവായത്തിലെത്തുമോയെന്നും കണ്ടറിയണം.
മറ്റു പ്രധാന വിധികൾ
2019 മേയ് മുതൽ സുപ്രീംകോടതി ജഡ്ജിയായ സൂര്യകാന്ത് ശ്രദ്ധേയമായ നിരവധി വിധിന്യായങ്ങൾ എഴുതിയിട്ടുണ്ട്.
1. കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം (സെഡീഷൻ ലോ) താത്കാലികമായി നിർത്തിവച്ച ബെഞ്ചിൽ ജസ്റ്റീസ് കാന്ത് ഭാഗമായിരുന്നു. സർക്കാർ പുനഃപരിശോധന നടത്തുന്നതുവരെ രാജ്യദ്രോഹ നിയമം അനുസരിച്ചു പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നു നിർദേശിച്ചു.
2. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനവേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ 2022ൽ സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചിൽ ജസ്റ്റീസ് കാന്തും ഉൾപ്പെട്ടിരുന്നു. അത്തരം കാര്യങ്ങൾക്ക് ‘ജുഡീഷൽ പരിശീലനം ലഭിച്ച മനസ്’ ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
3. പ്രതിരോധ സേനകൾക്കായുള്ള വണ് റാങ്ക് വണ് പെൻഷൻ പദ്ധതി ജസ്റ്റീസ് കാന്ത് ശരിവച്ചു. ഭരണഘടനാപരമായി സാധുതയുള്ളതാണിതെന്ന് പറഞ്ഞു. സായുധസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്ഥിരം കമ്മീഷനിൽ തുല്യത ആവശ്യപ്പെട്ടുള്ള ഹർജികൾ ഇപ്പോഴും കേൾക്കുന്നു.
4. 1967ലെ അലിഗഡ് മുസ്ലിം സർവകലാശാലാ വിധി റദ്ദാക്കിയ ഏഴംഗ ബെഞ്ചിൽ ജസ്റ്റീസ് കാന്ത് ഉണ്ടായിരുന്നു. സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി പുനഃപരിശോധിക്കുന്നതിന് ഇതു വഴിയൊരുക്കി.
5. പെഗാസസ് സ്പൈവേർ കേസിൽ നിയമവിരുദ്ധ നിരീക്ഷണ ആരോപണങ്ങൾ അന്വേഷിക്കാൻ സൈബർ വിദഗ്ധരുടെ പാനലിനെ നിയമിച്ച ബെഞ്ചിൽ ജസ്റ്റീസ് കാന്ത് ഭാഗമായിരുന്നു. ദേശീയസുരക്ഷയുടെ മറവിൽ സർക്കാരിനു സൗജന്യ പാസ് ലഭിക്കില്ലെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമായിരുന്നു.
6. സ്വതന്ത്രമായ സംസാരം കേവലമല്ലെന്നും നർമത്തിന്റെ മറവിൽ അശ്ലീലം പറയുന്നതു ശരിയല്ലെന്നും യുട്യൂബർ രണ്വീർ അല്ലാബാഡിയ ഉൾപ്പെട്ട 2025ലെ ‘ഇന്ത്യ ഗോട്ട് ലാറ്റന്റ്’ തർക്കത്തിൽ, ജസ്റ്റീസ് കാന്ത് മുന്നറിയിപ്പു നൽകി. നർമവും അശ്ലീലവും തമ്മിൽ വേർതിരിവു വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
7. ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയും കീർത്തിയും തമ്മിലുള്ള 2021 ഓഗസ്റ്റ് 22-ലെ കേസിൽ അപകട നഷ്ടപരിഹാരം 22 ലക്ഷത്തിൽനിന്ന് 33.2 ലക്ഷമായി വർധിപ്പിച്ച ബെഞ്ചിലും ജസ്റ്റീസ് കാന്ത് അംഗമായിരുന്നു. വീട്ടമ്മമാർ പ്രത്യേക ജോലി ചെയ്യുന്നില്ലെന്നും കുടുംബത്തിന്റെ സാന്പത്തിക മൂല്യം വർധിപ്പിക്കുന്നില്ലെന്നും പറയുന്നതിനോടു ബെഞ്ച് വിയോജിച്ചിരുന്നു.
8. സുപ്രീംകോടതി ഉൾപ്പെടെയുള്ള ബാർ അസോസിയേഷനുകളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഏർപ്പെടുത്താൻ ഉത്തരവിട്ടത് ജസ്റ്റീസ് കാന്ത് ആണ്.
Tags : Justice Suryakant