സഹായിച്ചില്ലെങ്കിലും വെറുപ്പിക്കരുത്. സാധാരണ ജനങ്ങള് പൊതുവെ പറയാറുള്ള കാര്യമാണിത്. വാക്കുകളോ പ്രവൃത്തികളോ മറ്റുള്ളവര്ക്ക് അസ്വസ്ഥത ഉണ്ടാക്കരുത്. വെറുപ്പിക്കലുകളും അഹന്തയും ധിക്കാരവും ജനം പൊറുക്കില്ല. അല്ലെങ്കില് ജനം പ്രതികരിക്കും. ജനരോഷത്തില് ഏതു കൊമ്പനും അടിതെറ്റും. കേരളം, തമിഴ്നാട്, പശ്ചിമബംഗാള് സംസ്ഥാനങ്ങളില് വോട്ടര്മാര് ഇക്കാര്യം ഒരിക്കല്കൂടി തെളിയിച്ചു.
പിണറായി വിജയനും എം.കെ. സ്റ്റാലിനും മമത ബാനര്ജിയും ജനവിധിയുടെ ചൂടില് പൊള്ളി. അധികാരം നഷ്ടമായതിനു പുറമെ, സ്റ്റാലിനും മമതയും സ്വന്തം മണ്ഡലങ്ങളില്കൂടി തോറ്റു തൊപ്പിയിട്ടതിന്റെ നാണക്കേട് നിസാരമല്ല. ധര്മടം മണ്ഡലത്തില് ആദ്യം എണ്ണിയ പഞ്ചായത്തുകള് വിറപ്പിച്ചെങ്കിലും പിണറായി രക്ഷപ്പെട്ടു. മൂന്നു പ്രധാന സംസ്ഥാനങ്ങളിലെയും ഭരണകക്ഷിയെ ജനം തൂത്തെറിഞ്ഞു. എസ്ഐആര് മുതല് തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥരുടെ ഭാഗത്തുവരെ ചില തോന്ന്യാസങ്ങള് ഉണ്ടാകുമെങ്കിലും മൂന്നു സംസ്ഥാനങ്ങളിലും ജനം ഭരണമാറ്റം ആഗ്രഹിച്ചുവെന്നതില് സംശയമില്ല.
◄കേരളം, തമിഴ്നാട്, ബംഗാള്►
കേരളത്തില് എല്ഡിഎഫ്, തമിഴ്നാട്ടില് ഡിഎംകെ മുന്നണി, ബംഗാളില് തൃണമൂല് കോണ്ഗ്രസ് സര്ക്കാരുകളെ താഴെയിറക്കിയ വോട്ടര്മാര് മെച്ചപ്പെട്ട ഭരണം പ്രതീക്ഷിക്കുന്നു. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവവും താരതമ്യേന മെച്ചപ്പെട്ട ഭരണവും ശക്തമായ പാര്ട്ടി മെഷിനറിയും ഉണ്ടായിരുന്ന ആസാമിലും പുതുച്ചേരിയിലും ഭരണത്തുടര്ച്ചയ്ക്കു ജനം വോട്ട് ചെയ്തുവെന്നതും ശ്രദ്ധേയമാണ്. കേരളത്തില് യുഡിഎഫിനും ബംഗാളില് ബിജെപിക്കും വന് ഭൂരിപക്ഷം ലഭിച്ചു. തമിഴ്നാട്ടില് പ്രവചനങ്ങള് തെറ്റിച്ച് നടന് വിജയ്യുടെ തമിഴക വെട്രി കഴകം എന്ന ടിവികെ വന് മേധാവിത്വം നേടി.
ബംഗാളില് കോണ്ഗ്രസും സിപിഎമ്മും തീര്ത്തും ക്ഷയിച്ചതോടെ, പ്രതിപക്ഷം ഇല്ലെന്നതു പോലെയായിരുന്നു 15 വര്ഷത്തെ മമതയുടെ ഭരണം. അവസരം മുതലാക്കി ആസൂത്രിതമായി ബിജെപി നടത്തിയ നീക്കത്തില് മമത കടപുഴകി വീണു. ചോദിക്കാനും പറയാനും ആരുണ്ടെന്ന മട്ടിലായിരുന്നു കേരളത്തില് പിണറായിയുടെയും തമിഴ്നാട്ടില് സ്റ്റാലിന്റെയും ഭരണം. ഫലമോ, ഇന്ത്യയിലെ ഏറ്റവും കരുത്തരെന്നു വിശേഷിപ്പിക്കപ്പെട്ട മൂന്നു മുഖ്യമന്ത്രിമാരെയും ജനം വീട്ടിലിരുത്തി.
◄ജനരോഷത്തില് കടപുഴകിയവര്►
‘ചെറ്റത്തര’വും ‘ഡാഷ് മോനും’ പോലെ മുഖ്യമന്ത്രി പദവിക്കു ചേരാത്ത പിണറായിയുടെ ചില പദപ്രയോഗങ്ങളും സാധാരണക്കാരെ രോഷാകുലരാക്കി. “വീട്ടില് പോയി ചോദിച്ചാല് മതി” യെന്നു പറഞ്ഞ പിണറായിയോട് വീട്ടില് പോയിരിക്കാന് വോട്ടര്മാര് പറഞ്ഞു. സിപിഎമ്മിനെ കമ്യൂണിസ്റ്റുകാരും അനുഭാവികളുമടക്കം തള്ളി.
ജയലളിതയുടെ മരണവും തുടര്ന്നുണ്ടായ പിളര്പ്പും തമിഴ്നാട്ടില് അണ്ണാ ഡിഎംകെയുടെ ശക്തി ചോര്ത്തി. രണ്ടു ദ്രാവിഡ പാര്ട്ടികള് അടക്കിവാണിരുന്ന തമിഴ്നാട്ടില് ബിജെപിക്കും നിരാശയാണ്. എഐഡിഎംകെയുമായി ചേര്ന്നു 27 സീറ്റില് മത്സരിച്ച ബിജെപിക്കു കിട്ടിയത് ആകെ ഒരു സീറ്റ്. വോട്ടുവിഹിതവും ഗണ്യമായി ഇടിഞ്ഞു. കേന്ദ്രമന്ത്രി എല്. മുരുഗന്, പ്രമുഖ നേതാക്കളായ നൈനാര് നാഗേന്ദ്രന്, തമിഴസെ സൗന്ദര്യരാജന്, വനതി ശ്രീനിവാസന് തുടങ്ങിയവരെല്ലാം തോറ്റമ്പി. ജനവിധി വ്യക്തമായിട്ടും വിജയ് മുഖ്യമന്ത്രിയാകുന്നതു തടസപ്പെടുത്താനും വൈകിക്കാനുമുള്ള ഗവര്ണറുടെ വിവാദ നടപടിക്കു പിന്നില് ബിജെപിയാണെന്നു സംശയിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
◄സുവേന്ദു യുഗം ഇന്നുമുതല്►
മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിലെ മമതയുടെ പതനമാണു കോളിളക്കം സൃഷ്ടിച്ചത്. അജയ്യ പോരാളിയെന്ന മമതയുടെ പ്രതിച്ഛായ തകര്ന്നു. അതിലേറെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും തേരോട്ടത്തിനെതിരേ പ്രതിരോധം തീര്ക്കാന് ശേഷിയുള്ള നേതാവായിരുന്നു മമത. ആ അര്ഥത്തില്, സ്റ്റാലിനും പിണറായിയും അരവിന്ദ് കേജരിവാളും ഒക്കെ ഈ ശ്രേണിയിലുള്ളവരാണ്.
രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് കോണ്ഗ്രസ് തനിയെ വിചാരിച്ചാല് ബിജെപിയുടെ കുതിപ്പിനു തടയിടുക എളുപ്പമാകില്ല. ഇടതു പാര്ട്ടികളും തളര്ന്നു. രാഹുല്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയവര്കൂടി തളര്ന്നാല് മോദിക്കും ഷായ്ക്കും എതിരാളികളില്ലാതാകും. പ്രതിപക്ഷ ഇന്ത്യ സഖ്യവും തകര്ന്നു. ഡിഎംകെ മുന്നണി വിട്ടു. തൃണമൂലും ആം ആദ്മി പാര്ട്ടിയും നേരത്തേതന്നെ വ്യത്യസ്ത നിലപാടിലാണ്. പ്രതിപക്ഷത്തെ ഭിന്നിപ്പുകളുടെ ഗുണം ബിജെപിക്കാണ്.
◄ജനാധിപത്യത്തിന്റെ സൗന്ദര്യം►
ബംഗാളില് രാജിക്കത്തു നല്കാത്ത മുഖ്യമന്ത്രിയെ പുറത്താക്കേണ്ടിവന്നു. തമിഴ്നാട്ടില് ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായ വിജയ്ക്കു മന്ത്രിസഭ രൂപീകരിക്കാന് ക്ഷണക്കത്തു കിട്ടാനാണു പാടുപെട്ടത്. ബംഗാളില് രാജിക്കത്തിനാണു വിഷമിച്ചതെങ്കില് തമിഴ്നാട്ടില് നിയമന കത്തിനാണു വിഷമിച്ചത്. കേരളത്തിലാകട്ടെ രാജിക്കത്തിനും നിയമന കത്തിനും തടസമില്ല. പക്ഷേ വന് ഭൂരിപക്ഷം കിട്ടിയ യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണു പാടുപെടുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിത്.
എന്നാല്, കേരളത്തിലെ അധികാര വടംവലിയും പരസ്യമായ പോരുകളും ജനാധിപത്യത്തിനു ഹിതകരമല്ല. ജനഹിതം മനസിലാക്കി സുസ്ഥിരമായ സര്ക്കാര് രൂപീകരിക്കാനും കേരളത്തിന്റെ സമഗ്ര വികസനവും വളര്ച്ചയും ജനക്ഷേമവും ഉറപ്പാക്കുന്ന സുതാര്യമായ ഭരണം നല്കാനും വൈകുന്നതു തെറ്റാണ്. ചില സംസ്ഥാനങ്ങളില് മന്ത്രിസഭ രൂപീകരിക്കാന് ഏറെ വൈകിയപ്പോള് ബിജെപിയെ വിമര്ശിച്ചിരുന്ന പാര്ട്ടിയാണു കോണ്ഗ്രസ്.
◄വോട്ടര്മാരെ അപമാനിച്ച പോര്►
കേരളത്തില് യുഡിഎഫിന് 102 സീറ്റുകളുടെ വന് ഭൂരിപക്ഷം ജനങ്ങള് നല്കിയതു വലിയ പ്രതീക്ഷയോടെയാണ്. പക്ഷേ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തെരുവില് വരെയെത്തിയ നാണംകെട്ട പിടിവലികള് ജനങ്ങളുടെ മനസു മടുപ്പിച്ചു. സര്ക്കാര് രൂപീകരണത്തിനു മുമ്പേ നേതാക്കള് തമ്മില് തല്ലുന്നതില് കോണ്ഗ്രസ് പ്രവര്ത്തകര് ഏറെ വേദനിക്കുന്നു. വോട്ട് ചെയ്തവരെ അപമാനിക്കുന്നതിനു തുല്യമാണു തെരുവില് വരെയെത്തിയ അധികാരക്കളികള്.
കഴിഞ്ഞ ദിവസങ്ങളില് കേരളത്തിലാകെ പ്രത്യക്ഷപ്പെട്ട ഫ്ളക്സ് ബോര്ഡുകള്, പോസ്റ്ററുകള്, കരിഓയില് അഭിഷേകം, പാലഭിഷേകം, കീറല്, കത്തിക്കല്, തെരുവുകളിലെ പ്രകടനങ്ങള് എന്നിവ മുതല് സോഷ്യല് മീഡിയയിലെ പ്രചാരണങ്ങളും അവകാശവാദങ്ങളുമെല്ലാം യുഡിഎഫിനു വോട്ടു ചെയ്തവരുടെ നെഞ്ചിലാണു മുറിവേല്പിച്ചത്.
◄തമ്മിലടി വേണ്ട, ഒന്നിച്ചു തുഴയുക►
കെ.സി. വേണുഗോപാല്, രമേശ് ചെന്നിത്തല, വി.ഡി. സതീശന് എന്നിവര് ഇന്ന് ഡല്ഹിയില് ഹൈക്കമാന്ഡുമായി നടത്തുന്ന ചര്ച്ചകളോടെയെങ്കിലും തര്ക്കം അവസാനിപ്പിച്ചാല് കോണ്ഗ്രസിനു നല്ലത്. പുതിയ കേരള മുഖ്യമന്ത്രിയെ ഇന്നോ, പരമാവധി നാളെയോ പ്രഖ്യാപിക്കട്ടെ. ഡല്ഹിക്കു വിളിപ്പിക്കാതെ നേതാവിനെ തീരുമാനിക്കാന് കഴിയാതെ പോയതില് സംസ്ഥാന കോണ്ഗ്രസുകാര് സ്വയം പഴിക്കുക. കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും നടത്തുന്ന ചര്ച്ചകളില് സമവായം ഉണ്ടാകുമെന്നാണു പ്രതീക്ഷ. സോണിയാ ഗാന്ധിയുടെ ഉപദേശവും നിര്ദേശങ്ങളും സഹായകമാകും.
◄നാണക്കേടിന്റെ വിഴുപ്പലക്കല്►
പക്ഷേ പതിവുപോലെ കേരളത്തില് പ്രകടനങ്ങളും പ്രതിഷേധങ്ങളും അടക്കം നടത്തി പ്രശ്നം വഷളാക്കാന് കോണ്ഗ്രസ് നേതാക്കള്തന്നെ തയാറായി. യുഡിഎഫ് സര്ക്കാര് അടുത്തയാഴ്ച അധികാരത്തില് വരുമ്പോഴും ഇപ്പോഴുണ്ടായ മുറിവുകള് ഉണങ്ങാനും ജനം ആഗ്രഹിക്കുന്നതുപോലെ മന്ത്രിസഭ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്ത്തിക്കാനും സമയമെടുത്തേക്കും.
ചെന്നിത്തലയും വേണുഗോപാലും സതീശനും കോണ്ഗ്രസ് പാര്ട്ടിയിലെ സമുന്നത നേതാക്കളും പരിണതപ്രജ്ഞരുമാണ്. മൂവര്ക്കും അര്ഹതയും അവകാശവുമുണ്ട്. പക്ഷേ ഒരാള്ക്കേ മുഖ്യമന്ത്രിയാകാന് കഴിയൂ. തെരഞ്ഞെടുപ്പിനു മുമ്പേ മൂവരും തമ്മില് ചരടുവലിച്ചിരുന്നു. എന്നാല്, ഭൂരിപക്ഷം ഉറപ്പാക്കിയശേഷം മതി മുഖ്യമന്ത്രി ചര്ച്ചയെന്ന് എഐസിസി നേതൃത്വം കര്ശനമായി വിലക്കിയതു നേട്ടമായി. പക്ഷേ നേതാക്കളും പ്രവര്ത്തകരും ആ കരുതലും പക്വതയും വിവേകവും നഷ്ടമാക്കിയതാണു ദുരന്തം.
◄കേരളത്തിനു വേണം, സദ്ഭരണം►
യുഡിഎഫില് വിശ്വാസമര്പ്പിച്ചു വോട്ടുചെയ്തു ജയിപ്പിച്ചവരെ തമ്മിലടിച്ചും പരസ്യമായി വിഴുപ്പലക്കിയും അപമാനിക്കാതിരിക്കട്ടെ. തര്ക്കം നീളരുത്. സുതാര്യമായ സദ്ഭരണം കാഴ്ചവയ്ക്കാന് കോണ്ഗ്രസ്, യുഡിഎഫ് നേതാക്കളും ശ്രമിക്കണം. ക്രിയാത്മക പ്രതിപക്ഷമാകാന് സിപിഎമ്മും എല്ഡിഎഫും തയാറാകുമെന്നു വിശ്വസിക്കാം. നൂറ്റാണ്ടുകള്കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ വക്രീകരിക്കാനും വര്ഗീയത പടര്ത്തി മുതലെടുക്കാനും ശ്രമിക്കുന്നവരെ ചെറുത്തുതോല്പിക്കാനും അതാവശ്യമാണ്.
കേരളത്തിന്റെ സമഗ്ര പുരോഗതിയും വളര്ച്ചയും ഉറപ്പാക്കുകയും മതേതര മൂല്യങ്ങള് സംരക്ഷിക്കുകയും അനീതിയും അവഗണനയും അനുഭവിക്കുന്നവരെ ചേര്ത്തുനിര്ത്തുകയും ചെയ്യുന്ന ഭരണമാണു വേണ്ടത്. കര്ഷകരുടെയും തൊഴിലാളികളുടെയും തൊഴിലന്വേഷകരുടെയും സംരംഭകരുടെയും പുതുതലമുറയെന്ന ജെന്-സിയുടെയും പ്രത്യാശ നശിപ്പിക്കരുത്.
Tags : People throwing away Kerala Assembly Election hate