പേവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു
1549303
Saturday, May 10, 2025 12:15 AM IST
അമ്പലപ്പുഴ: പേവിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. തകഴി പഞ്ചായത്ത് ഒന്നാം വാർഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടിൽ ശരത്-ഗീതാകുമാരി മകൻ സൂരജ്(17) ആണ് മരിച്ചത്. കഴിഞ്ഞ മാസം ശരത്തിന്റെ സഹാേദരി സീമയുടെ അമ്പലപ്പുഴയിലുള്ള വീട്ടിലെ നായയുടെ നഖം കൊണ്ട് പോറൽ ഏറ്റിരുന്നതായി പറയുന്നു.
കഴിഞ്ഞ ദിവസം പനിയും കാലിൽ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് സൂരജ് തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതായി അറിയുന്നത്. ഇവിടെ പ്രതിരോധ കുത്തിവയ്പ് നടത്തിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.
സൂരജ് മൃഗങ്ങളോട് അടുത്ത് ഇടപഴുകുന്ന സ്വഭാവക്കാരനായിരുന്നെന്നു പറയുന്നു. പിതൃസഹോദരിയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ചു കുറച്ചു ദിവസമായി സൂരജ് ഇവിടെയായിരുന്നു. ഇവിടെവച്ചാണ് വളർത്തുനായയുടെ നഖംകൊണ്ട് കാലിന് പോറൽ ഏറ്റത്. മുറിവ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിവരം തിരക്കിയെങ്കിലും മുള്ളുകമ്പി കൊണ്ടതാണെന്നാണു പറഞ്ഞത്. വളർത്തുനായയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു.
തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സൂരജ്. സഹോദരൻ: സഗജ്.