വിദ്യാഭ്യാസം ജീവിത പ്രതിസന്ധിയെ നേരിടാനുള്ള മാർഗം: മന്ത്രി സജി ചെറിയാൻ
1548494
Wednesday, May 7, 2025 12:14 AM IST
ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ തൊഴിലാളി പ്രസ്ഥാനമാണ് ചെത്തുതൊഴിലാളികളുടേതെന്ന് മന്ത്രി സജി ചെറിയാൻ.
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള പഠന അവാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആറാട്ടുവഴി റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
കേരളത്തെ ഇന്നു കാണുന്ന കേരളമാക്കാനുള്ള ചരിത്ര സമരങ്ങളിൽ വലിയ പങ്കുകൾ വഹിച്ചവരാണ് ചെത്തുതൊഴിലാളികളെന്ന് മന്ത്രി പറഞ്ഞു. ചരിത്ര പാരമ്പര്യവും പൈതൃകവും ഇത്രയേറെ ചേർന്നുനിൽക്കുന്ന സമൂഹം പരമ്പരാഗത തൊഴിൽ മേഖലയിൽ വേറെയില്ല. ഈ വ്യവസായം നിലനിർത്തേണ്ടത് അനിവാര്യമാണ്.
അതിനായി നിയമപരമായ സംരക്ഷണം, സാമൂഹിക അംഗീകാരം, ആധുനിക മാർക്കറ്റിംഗ് രീതികൾ എന്നിവ അവലംബിച്ച് വ്യവസായത്തെ നിലനിർത്താനുള്ള ഇടപെടലുകൾ വേഗത്തിലാകണമെന്നും മന്ത്രി പറഞ്ഞു.