യുവാവിന്റെ ആക്രമണത്തിൽ പഞ്ചായത്ത് പ്രസിഡന്റിനു പരിക്ക്
1549014
Friday, May 9, 2025 12:08 AM IST
തുറവൂർ: യുവാവിന്റെ ആക്രമണത്തിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രന് ഗുരുതരപരിക്ക്. ആറിന് രാത്രി ഒൻപ തിനായിരുന്നു ആക്രമണം. പ്രസിഡന്റിന്റെ അയൽവാസിയായ ലക്ഷംവീട് കോളനിയിലെ രാജേഷിന്റെ ഭാര്യാപിതാവിനെ രാജേഷ് മർദിച്ചതിനെത്തുടർന്ന് ശബ്ദം കേട്ട് പ്രസിഡന്റും ഭർത്താവും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രാജേഷ് പ്രകോപനമില്ലാതെ പ്രസിഡന്റിനെ കഴുത്തിനുപിടിച്ച് എറിയുകയായിരുന്നു. വീഴ്ചയിൽ പ്രസിഡന്റിന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഓടിക്കുടിയ നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസിഡന്റിന്റെ പരാതിയിൽ കുത്തിയതോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു
തുറവൂർ: പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചതിൽ തുറവൂർ മണ്ഡലം ഈസ്റ്റ്, വെസ്റ്റ് കോൺഗ്രസ് കമ്മിറ്റികൾ പ്രതിഷേധിച്ചു. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്ന രാജേഷ് എന്ന യുവാവിനെതിരേ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടും പോലീസ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അടിയന്തരമായി ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഇയാൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.