കേരള യൂത്ത് ഫ്രണ്ട്-എം തീരദേശ സംരക്ഷണ ജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി
1549018
Friday, May 9, 2025 12:08 AM IST
ആലപ്പുഴ: കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ ജാഥയുടെ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിൽ നടന്ന ജില്ലയിലെ പര്യടനത്തിന്റെ സമാപനസമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളികളുടെ പാർട്ടിയായ കേരള കോൺഗ്രസിന് മാത്രമേ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരത്തിൽ ഇടപെടാൻ നടത്താൻ സാധിക്കൂ എന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി ശൃംഖലയാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിന്റെ തീരദേശത്തെ മാത്രം ആശ്രയിച്ചാണ് ഇവർ ജീവിക്കുന്നത്. ഇവരുടെ ജീവിതം ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും കേരള കോൺഗ്രസും യൂത്ത് ഫ്രണ്ടും പോരാട്ടത്തിനായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാപനസമ്മേളത്തിൽ കേരള യൂത്ത്ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജെന്നിംഗ്സ് ജേക്കബ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, സാജൻ തൊടുക, ജില്ലാ ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പോസ്, ഷേയ്ക്ക് അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.