കാക്കത്തുരുത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ തുടങ്ങി
1548200
Monday, May 5, 2025 11:56 PM IST
തുറവൂർ: കാക്കത്തുരുത്ത് ദ്വീപിനെ വർണാഭമാക്കാൻ എഴുപുന്ന പഞ്ചായത്തും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി ഏറ്റെടുത്ത കാക്കത്തുരുത്ത് ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്റ്റിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് നിർവഹിച്ചു. ടൂറിസം ഭൂപടത്തിൽ സ്ഥാനംപിടിച്ച കാക്കത്തുരുത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളും ടൂറിസം സാധ്യതകളും വർധിപ്പിക്കാനായി പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്ന് ഒരു കോടി രൂപയുടെ പദ്ധതിയിലൂടെ തീരദേശ നടപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കാക്കത്തുരുത്ത് പ്രധാന കടവിൽനിന്നു തെക്കോട്ട് ഏകദേശം അഞ്ഞൂറ് മീറ്ററോളം നീളം കൽക്കെട്ട് ഉയർത്തി ഇന്റർലോക്ക് കട്ടവിരിച്ച നടപ്പാതയും കൈവരികളോടു ചേർന്ന് അലങ്കാര വിളക്കുകൾ, ഇരിപ്പിടം എന്നിവയോടെയുമുള്ള നിർമാണം പൂർത്തിയാക്കുന്നതോടെ വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കാനും അതിലൂടെ ദ്വീപ് നിവാസികൾക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാനും കഴിയുമെന്ന് പ്രസിഡന്റ് ആർ. പ്രദീപ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുക്കുട്ടൻ അധ്യക്ഷത വഹിച്ചു.