തീരദേശ ഹൈവേയുടെ പേരിൽ ആശങ്കയെന്ന് ജനകീയ കൂട്ടായ്മ
1547666
Sunday, May 4, 2025 4:00 AM IST
ആലപ്പുഴ: തീരദേശ ഹൈവേ പ്രാഥമിക വിജ്ഞാപനം ഉടൻ വരുമെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തൽ തീരദേശജനത ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ജനകീയ കൂട്ടായ്മ.
റോഡിന്റെ ഇരുവശങ്ങളിൽനിന്നും സമമായി സ്ഥലം ഏറ്റെടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ തീരദേശ ഹൈവേ ജനകീയ കൂട്ടായ്മയുമായും ചർച്ച നടത്താമെന്ന കിഫ്ബി അധിക്യതരുടെ വാക്കും നാളിതുവരെ ഫലം കണ്ടിട്ടില്ല.
റോഡിന്റെ ഒരുവശത്ത് 5.5 മീറ്ററും മറുവശത്ത് അര മീറ്റർ, ഒരു മീറ്റർ എന്നിങ്ങനെയാണ് ഇപ്പോൾ പിങ്ക് കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ തെക്ക് അമ്പലപ്പുഴ മുതലുള്ള സ്ഥലമെടുപ്പിന് തീരുമാനം ആയിട്ടില്ലെന്നാണ് തീദേശജനത മനസിലാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുമുമ്പ് പ്രദേശവാസികളുമായി ചർച്ചയ്ക്ക് അധികൃതർ തയാറാകണമെന്നും ഡിപിആർ എത്രയുംവേഗം പുറപ്പെടുവിക്കണമെന്നും തീരദേശ ഹൈവേ ജനകീയ കൂട്ടായ്മയുടെ പൊതുയോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജനറൽ കൺവീനർ സോളമൻ അറക്കൽ അധ്യക്ഷത വഹിച്ചു. എ.എക്സ്. ബേബി അരേശേരിൽ, പോളി ആന്റണി, ബൈജു കാരളശേരിൽ എന്നിവർ പ്രസംഗിച്ചു.