ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
1548190
Monday, May 5, 2025 11:56 PM IST
ഹരിപ്പാട്: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. ചെറുതന ആയാപറമ്പ് പുളിവേലിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നത്. കാണിക്ക മണ്ഡപത്തിന്റെ പൂട്ട് തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പിന്റെ കാണിക്കവഞ്ചി ക്ഷേത്രപാചകപ്പുരയിൽ എത്തിച്ച് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
ചുറ്റുമതിലുള്ള ക്ഷേത്രത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാർ ക്ഷേത്രത്തിലെത്തി പതിവ് ജോലികൾക്കുശേഷം പാചകപ്പുരയിൽ ചെന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീയപുരം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പഞ്ചായത്തംഗം മായാദേവി, സബ് ഗ്രൂപ്പ് ഓഫീസർ അനുദീപ്, ഉപദേശകസമിതി പ്രസിഡന്റ് കെ. മോഹനകുമാർ, സെക്രട്ടറി ടി.കെ. അനിരുദ്ധൻ, കമ്മിറ്റി അംഗങ്ങളായ കെ. വാമദേവൻ, കാർത്തികേയൻ നായർ, പി.കെ. പുഷ്കരൻ എന്നിവർ സംഭവസ്ഥലത്ത് എത്തി.