വില കുത്തനെ ഇടിഞ്ഞു; വെറ്റില കർഷകർക്ക് കണ്ണീർക്കാലം
1548204
Monday, May 5, 2025 11:56 PM IST
ചാരുംമൂട:് കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കി വെറ്റില കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍ക്കാലം. കൃഷി സജീവമായി വരുമ്പോള്‍ വെറ്റിലയുടെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ പതിസന്ധിയിലാക്കുന്നു. ഒരാഴ്ച മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് 60 രൂപ വിലയുണ്ടായിരുന്നു. ഇപ്പോള്‍ 10 രൂപയ്ക്കു പോലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയിലാണ്. ഉയര്‍ന്ന പരിപാലനച്ചെലവ്, ഈറ്റ ക്ഷാമം തുടങ്ങിയവ നേരിടേണ്ടിവരുമ്പോഴാണ് വിലയും കുത്തനെ ഇടിഞ്ഞത്. തെക്കന്‍ ജില്ലകളിലെ വെറ്റില കര്‍ഷകരാണ് വില ഇടിവുമൂലം തീരാദുരിതം നേരിടുന്നത്.
ഭൂരിപക്ഷം കര്‍ഷകരും വില ഇടിവിനെത്തുടര്‍ന്ന് കൃഷി വിട്ടൊഴിയുകയാണ്. ഒരു വര്‍ഷം മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് 220 രൂപ മുതല്‍ 240 വരെ വില കര്ഷകന് കിട്ടിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വെറ്റില കൂടുതലായി എത്തുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൂടാതെ ഇടനിലക്കാരുടെ കടുത്ത ചൂഷണവും കര്‍ഷകര്‍ക്ക് വില ലഭിക്കാതിരിക്കാന്‍ കാരണമായി. നിത്യേനയുള്ള പരിചരണം കൊണ്ടാണ് വെറ്റില കൃഷി മെച്ചപ്പെടുന്നത്. ഉയര്‍ന്നകൂലി കാരണം കുടുംബാംഗങ്ങളെയും സഹായികളാക്കിയാണ് മിക്കകര്‍ഷകരും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്.
വിളവെടുത്ത് അടുക്കി ചന്തയില്‍ എത്തിക്കണമെങ്കില്‍ നാലുപേരുടെ സഹായം വേണം. ചരിത്രത്തില്‍ ആദ്യ മായിട്ടാണ് വെറ്റിലയുടെ വില ഇത്രയും ഇടിയുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പറക്കോട്, പന്തളം, താമരക്കുളം മാര്‍ക്കറ്റുകളില്‍ 10 രൂപയ്ക്കു പോലും വെറ്റില എടുക്കാന്‍ ആളില്ലാത്ത സാഹചര്യം വന്നതില്‍ കര്‍ഷകര്‍ ഏറെ ആശങ്കയിലുമാണ്. ഓണാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍ വെറ്റില കൃഷി യുള്ള സ്ഥലങ്ങള്‍.
വായ്പ എടുത്തും കടം വാങ്ങിയും കൃഷി ഇറക്കിയ വെറ്റില കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കച്ചവടക്കാര്‍ മനഃപൂര്‍വം വെറ്റില എടുക്കാതെ മാറിനിന്ന് വെറ്റിലയുടെ വില ഇടിക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. വെറ്റില കര്‍ഷകരുടെ രക്ഷയ്ക്കായി കൃഷിവകുപ്പും സര്‍ക്കാരും അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.