എടത്വ പള്ളിയില്‍ ചെറിയപ്രദക്ഷിണം ഇന്ന്; തിരുനാള്‍ പ്രദക്ഷിണം നാളെ
1548191
Monday, May 5, 2025 11:56 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ പ്രദക്ഷിണം ഇന്നു നടക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നാളെയും നടക്കും. ഇന്നു വൈകിട്ട് 3.45ന് ബിഷപ് ജൂഡ് പോള്‍ രാജിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അഞ്ചിന് വിശുദ്ധ ഗീവര്‍ഗീസിന്റെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിക്ക് ചുറ്റുമായി നടക്കും. ഫാ. യോഹന്നാന് കട്ടത്തറ മുഖ്യകാര്‍മികത്വം വഹിക്കും.
പ്രദക്ഷിണത്തിന് രൂപങ്ങളും കുടയും കുരിശും വഹിക്കുന്നത് തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ്. കൊടിയേറ്റിന് തലേന്ന് തന്നെ ഇവര്‍ പള്ളിയിലെത്തി താമസം തുടങ്ങിയിരുന്നു. ഇന്നു രാവിലെയോടെ തുറക്കാര് മുഴുവന്‍ പേരും പള്ളിയിലെത്തും. പള്ളിയുടെ മുന്‍വശത്തെ പമ്പാനദിയില്‍ മുങ്ങിക്കുളിച്ച് വിശുദ്ധന്റെ തിരുസ്വരൂപ ദര്‍ശനത്തിനുശേഷമാണ് ഇവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുക. പ്രദക്ഷിണത്തിനു മുന്‍പായി പലരും തലമുണ്ഡനം ചെയ്യുന്ന രീതിയുണ്ട്. പ്രദക്ഷിണത്തിനുശേഷം ഇവര്‍ പള്ളിയില്‍നിന്നുള്ള അവകാശ നേര്‍ച്ചകളായ ഉപ്പ്, കുരുമുളക്, മലര്, മത്സ്യബന്ധന വലയില്‍ കെട്ടാനുള്ള നൂല് എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കൈയില്‍നിന്ന് സ്വീകരിച്ചാണ് മടക്കയാത്ര.
തിരുനാളിന്റെ ഒന്‍പതാം ദിനമായ ഇന്നലെ അഭൂതപൂര്‍വമായ ജനത്തിരക്കാണ് പള്ളിയില്‍ അനുഭവപ്പെട്ടത്. കെഎസ്ആര്‍ടിസി ഡിപ്പോ മുതല്‍ പള്ളിവരെയുള്ള പാത ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞു. തിരുസ്വരൂപം ദര്‍ശിക്കാനുള്ള നീണ്ട ക്യൂ പള്ളിക്കു ചുറ്റും കാണാം. തിരക്ക് ഏറിയതോടെ രാവിലെ 4.30 മുതല്‍ തമിഴിലും മലയാളത്തിലും മാറിമാറിയാണ് വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും നടക്കുന്നത്.
തിരുവനന്തപുരം, പാറശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴനിന്നും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജലഗതാഗതവകുപ്പും പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. നാളെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.
തിരുസ്വരൂപം പള്ളിക്ക് വലം വയ്ക്കുമ്പോള്‍ വിശ്വാസികള്‍ തളിര് വെറ്റില, പൂക്കള്‍ എന്നിവ തിരുസ്വരൂപത്തില്‍ അര്‍പ്പിക്കും. പള്ളി പരിസരങ്ങളും സെന്റ് അലോഷ്യസ് കോളജും സ്കൂളും സെന്റ് മേരീസ് സ്കൂളും ജോര്‍ജിയന്‍ സ്കൂളും ചുറ്റുമുള്ള വീടുകളും പരിസരപ്രദേശങ്ങളും തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു. രോഗികള്‍ക്കായി എടത്വ മഹാജൂബിലി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് താത്കാലിക ക്ലിനിക്ക് ആരംഭിച്ചു.
ഇന്നും നാളെയും നടക്കുന്ന പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജോയിന്റ് കണ്‍വീനര്‍മാരായ റോബിന് കളങ്ങര, ജയിന് മാത്യു കറുകയില്‍, പബ്ളിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ എന്നിവര്‍ പറഞ്ഞു.
നേര്‍ച്ചഭക്ഷണം വിതരണം ആരംഭിച്ചു
എടത്വ: തിരുനാളിനോടനുബന്ധിച്ച് പള്ളിയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് നേര്‍ച്ച ഭക്ഷണം വിതരണം ആരംഭിച്ചു. തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ ഭക്ഷണം ആശീര്‍വദിച്ചു. പ്രധാന തിരുനാള്‍ ദിനമായ നാളെ വരെ 3500 ഓളം നേര്‍ച്ചഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് നേര്‍ച്ചഭക്ഷണ കണ്‍വീനര്‍ ബാബു പള്ളിത്തറ അറിയിച്ചു. ഫാ. അനീഷ് കാമിച്ചേരി, കൈകാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, ജയിംസ് കളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് പറത്തറ, ജയിന് കറുകയില്‍, റോബിന് കളങ്ങര, വിന്‍സെന്റ് കെ.പി, സ്റ്റീഫന്‍ പറപ്പള്ളി, ബാബു വള്ളോംതറ, ജോബി കണ്ണമ്പള്ളി, ഷൈജു മണക്കളം, ദിലീപ് മോന് തൈപ്പറമ്പില്‍, സാജു കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി.
എടത്വ പള്ളിയില്‍ ഇന്ന്
രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്)- ഫാ. ജെനീസ്, 5.45 ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് വേളങ്ങാട്ടുശേരി, 7.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -റവ. ഡോ. മാത്യു ചങ്ങങ്കരി (വികാരി ജനറാള്‍ ചങ്ങനാശേരി അതിരൂപത) 9ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) - മാര്‍ ജോര്‍ജ് രാജേന്ദ്രന് (തക്കല രൂപത മെത്രാന്) 10.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) -ഫാ. ദുരൈസ്വാമി, ഉച്ചയ്ക്ക് 12 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. വര്‍ഗീസ് നമ്പിശേരിക്കളം. ഉച്ചകഴിഞ്ഞ് 2.15ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് ചൂളപ്പറമ്പില്‍, 3.45 ന് വിശുദ്ധ കുര്‍ബാന (തമിഴ്) - ബിഷപ് ഡോ. ജൂഡ് പോള്‍ രാജ്, വൈകിട്ട് അഞ്ചിന് പ്രദക്ഷിണം -ഫാ. യോഹന്നാന് കട്ടത്തറ.
ഇന്നും നാളെയും മദ്യനിരോധനം
എടത്വ: എടത്വ പള്ളി തിരുനാള്‍ പ്രമാണിച്ച് പള്ളിക്ക് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്നും നാളെയും മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
നേര്‍ച്ച എത്തിച്ച് ആനപ്രമ്പാല്‍ സ്നേഹഭവന്
എടത്വ: ഇത്തവണയും പതിവ് തെറ്റിക്കാതെ എടത്വ പള്ളിയിലേക്ക് നേര്‍ച്ച എത്തിച്ച് ആനപ്രമ്പാല്‍ സ്നേഹഭവന്. എടത്വ പള്ളിയില്‍ വിശ്വാസികളായി എത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് നേര്‍ച്ച വിതരണത്തിനുള്ള വറുത്ത അരിയും മലരും ശര്‍ക്കരയും ഒന്നിച്ചാക്കിയാണ് പള്ളിയിലെത്തിക്കുന്നത്.
തുടര്‍ച്ചയായ 18-ാ മത്തെ വര്‍ഷമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് നേര്‍ച്ച നല്‍കാനായി സ്നേഹഭവന് സെക്രട്ടറി ജോണിക്കുട്ടി തുരുത്തേലും അന്തേവാസികളും ചേര്‍ന്ന് തലച്ചുമടായി നടന്നാണ് നേര്‍ച്ച പള്ളിയില്‍ എത്തിക്കുന്നത്. പള്ളിയിലെത്തിച്ച നേര്‍ച്ച വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഏറ്റുവാങ്ങി.