നേതൃത്വത്തിനെതിരേ രൂക്ഷവിമർശനംഉന്നയിച്ച യുവനേതാവ് രാജിവച്ചു
1548192
Monday, May 5, 2025 11:56 PM IST
കായംകുളം: സിപിഐ കായംകുളം മണ്ഡലം നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച യുവനേതാവ് പാര്‍ട്ടിവിട്ടു. കായംകുളം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഷമീര്‍ റോഷനാണ് രാജിവച്ചത്.
പാര്‍ട്ടിയില്‍ വര്‍ഗീയതയും സ്വജനപക്ഷപാതവും പിടിമുറുക്കിയിരിക്കുകയാണെന്ന് രാജിക്കത്തില്‍ ഷമീര്‍ ആരോപിച്ചു. സാമുദായിക പരിഗണനയ്ക്കാണ് പാര്‍ട്ടിയില്‍ മുന്‍ഗണന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ കായംകുളത്തു കാരനായ യുവനേതാവിന് സീറ്റ് ലഭിച്ചത് സമുദായിക പരിഗണനയിലൂടെയാണ്. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് വനിതാ നേതാവിന് വൈസ് ചെയര്‍പേഴ്സണ്‍ പദവിയും വനിതാ ക്ഷേമ ബോര്‍ഡ് അംഗത്വവും കിട്ടിയത് എങ്ങനെയെന്ന് പാര്‍ട്ടി പരിശോധിക്കണം.
മറ്റൊരു നേതാവിനെ തഴഞ്ഞ് ഇപ്പോഴത്തെ മുനിസിപ്പല്‍ വൈസ് ചെയര്‍മാനെ പദവിയില്‍ അവരോധിച്ചതും സാമുദായിക പരിഗണന വച്ചാണോഎന്ന് കത്തില്‍ ചോദിക്കുന്നു. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ രണ്ടു പതിറ്റാണ്ട് കാലം പ്രവര്‍ത്തിക്കുകയും പോലീസ് മര്‍ദനത്തിനിരയായി ആരോഗ്യം നഷ്ടപ്പെടുകയും ചെയ്ത താന്‍ സിപിഐ പ്രതിനിധി എന്ന നിലയില്‍ കായംകുളം സര്‍വീസ് സഹകരണ ബാങ്കിലെ ജോലിക്ക് അപേക്ഷിച്ചിരുന്നു.
എന്നാല്‍, തന്റെ സമുദായത്തിന് കായംകുളം സഹകരണബാങ്കില്‍ നിയമനം ഇല്ല എന്ന് പാര്‍ട്ടി മണ്ഡലം സെക്രട്ടറി മുഖത്തുനോക്കി പറഞ്ഞെന്നും റോഷന് ആരോപിച്ചു.
ആ ജോലി പിന്നീട് സംഘപരിവാറുകാരന് നല്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരുന്നുകൊണ്ട് പച്ചയായ വര്‍ഗീയത പറയുകയും നടപ്പാക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ കമ്മ്യൂണിസ്റ്റ് സംസ്കാരം കശാപ്പ് ചെയ്യുകയാണ് ചെയ്യുന്നതെന്നും ഇവരെ പാര്‍ട്ടിയും സമൂഹവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പറയുന്ന കത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം വര്‍ഗീയത നടപ്പിലാക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്നും അതിനാല്‍ വര്‍ഗീയ പാര്‍ട്ടിയില്‍നിന്ന് താന്‍ രാജവയ്ക്കുന്നുവെന്നും ഷമീര്‍ റോഷന് പറയുന്നു.
അടുത്തിടെ പാര്‍ട്ടി നിലപാടുകളില്‍ പ്രതിഷേധിച്ച് ഷമീര്‍ റോഷന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ നിരവധി പേര് അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സിപിഐ മണ്ഡലം സമ്മേളനങ്ങള്‍ നടക്കുന്ന വേളയിലെ യുവനേതാവിന്റെ രാജിയും ആരോപണങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.