നീറ്റ്: ഫോട്ടോ മാറി; സ്റ്റുഡിയോ തേടി വിദ്യാർഥികളുടെ നെട്ടോട്ടം
1548197
Monday, May 5, 2025 11:56 PM IST
ആലപ്പുഴ∙ ഫോട്ടോ ചെറുതായി. സംഗതി കുടുങ്ങി. പോസ്റ്റ് കാർഡ് വലുപ്പത്തിലുള്ള ഫോട്ടോയ്ക്കു പകരം പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയുമായി എത്തിയവരാണു കുടുങ്ങിയത്. ഒടുവിൽ സ്റ്റുഡിയോ തേടി അലച്ചിലായി. നീറ്റ് യുജി പരീക്ഷാകേന്ദ്രങ്ങൾക്കു സമീപം സ്റ്റുഡിയോ അന്വേഷിച്ചു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും നെട്ടോട്ടം.
വിദ്യാർഥികൾ കൈവശം സൂക്ഷിക്കേണ്ട രേഖകൾക്കായി അവസാന നിമിഷങ്ങളിൽ പ്രിന്റ് എടുക്കാനായി ഡിടിപി കടകൾ തേടിയും വിദ്യാർഥികൾ ഓടി. അവധി ദിവസമായിരുന്നതിനാൽ കടകൾ കുറവായതും ബുദ്ധിമുട്ടായി. ജില്ലയിൽ ഏഴായിരത്തിലേറെ വിദ്യാർഥികൾ നീറ്റ് പരീക്ഷയെഴുതി. 27 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 8427 വിദ്യാർഥികളാണു പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുറച്ചുപേർ പരീക്ഷയ്ക്ക് എത്തിയില്ല. രാവിലെ 11നു തന്നെ വിദ്യാർഥികളുടെ തിരക്കായി. പരിശോധനകൾ പൂർത്തിയാക്കി ഒരുമണിയോടെ പരീക്ഷാ ഹാളിലെത്തി. രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പരീക്ഷ. 12നു പരീക്ഷാ ഹാളിൽ പ്രവേശിച്ച വിദ്യാർഥികൾ കടുത്ത ചൂടിൽ തളർന്നു. പരീക്ഷാ കേന്ദ്രത്തിനു പുറത്തു കാത്തുനിന്ന മാതാപിതാക്കളും ചൂടിൽ വലഞ്ഞു.