ആലപ്പുഴയില്‍ ആരവമുയര്‍ത്തി എന്റെ കേരളം വിളംബരജാഥ
1548193
Monday, May 5, 2025 11:56 PM IST
ആലപ്പുഴ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ വിളംബര ജാഥ. ഇന്നുമുതല്‍ 12 വരെ ആലപ്പുഴ ബീച്ചിലാണ് പ്രദര്‍ശനമേള നടക്കുന്നത്. കളക്ടറേറ്റില്‍നിന്ന് വൈകിട്ട് 4.30ന് ആരംഭിച്ച ജാഥ മന്ത്രി സജി ചെറിയാന് ഫ്ളാഗ് ഓഫ് ചെയ്തു. ജാഥ പ്രദര്‍ശന നഗരിയായ ആലപ്പുഴ ബീച്ചില്‍ സമാപിച്ചു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, എഡിഎം ആശ സി. ഏബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. എസ്. സുമേഷ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, നഗരസഭാംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.
ഏഴു ദിവസം നീളുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനം ഇന്നു വൈകുന്നേരം മൂന്നിന്് ആലപ്പുഴ ബീച്ചിലെ വേദിയില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.