ഉയരപ്പാത നിർമാണം: എംപിയുടെ പ്രസ്താവന തെറ്റെന്ന് സിപിഎം
1548198
Monday, May 5, 2025 11:56 PM IST
തുറവൂർ: ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപിയുടേതായി വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഎം നേതാവ് സി.ബി. ചന്ദ്രബാബു. 2022ലെ എഗ്രിമെന്റ് പ്രകാരം ഗതാഗതം തിരിച്ചുവിടുന്ന തുറവൂർ -കുമ്പളങ്ങി റോഡും തുറവൂർ-മാക്കേക്കടവ് റോഡും അറ്റകുറ്റപ്പണി നടത്തുന്നതിനാണ് എൻഎച്ച്എഐ പണം അനുവദിച്ചത്.
ഇവിടെ ജനങ്ങൾ സമരരംഗത്തു വന്നതിനെത്തുടർന്ന് ഗവ. നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ്, എൻഎച്ച്എഐ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി നൽകിയ റിപ്പോർട്ട് പ്രകാരമാണ് എൻഎച്ച്എഐ പ്രോജക്റ്റ് ഡയറക്ടർ തയാറാക്കിയ എസ്റ്റിമേറ്റ് കൈമാറിയത്. 24 ഒക്ടോബറിലാണ് എംപി സ്ഥലം സന്ദർശിച്ചത്.
അതിനു മുൻപേ നടപടികൾ നീങ്ങിയിരുന്നു. 2025 മാർച്ചിൽ വിശദമായ എസ്ടിമേറ്റ് എൻഎച്ച്എഐ അടക്കമുള്ള ഏജൻസികളുടെ അംഗീകാരത്തിനു സമർപ്പിച്ചു. അനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടിയിലേക്ക് കടക്കാൻ കഴിയൂ. അതുവരെ റണ്ണിംഗ് കോൺട്രാക്ട് വഴി കൂടുതൽ പ്രശ്നങ്ങളുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ഇന്റർലോക്ക് ടൈൽസ് വിരിച്ചും മറ്റ് തരത്തിലും യാത്രാസൗകര്യം ഏർപ്പെടുത്തുന്നുണ്ട്. മേൽപ്പറഞ്ഞ രണ്ടു റോഡുകൾ നന്നാക്കുന്ന കാര്യത്തിൽ മാത്രമേ എൻഎച്ച്എഐ നടപടിയുള്ളൂ. മറ്റ് ഇടറോഡുകൾ നന്നാക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും സിപിഎം നേതാവ് പറഞ്ഞു.