പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
1548194
Monday, May 5, 2025 11:56 PM IST
ചേര്‍ത്തല: പുതിയ പാചകവാതക സിലിണ്ടര്‍ യോജിപ്പിച്ചശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി.വി. ദാസപ്പന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം.
വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനാലയും വാതിലുകളും ഫ്രിഡ്ജും വാഷിംഗ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകട സമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന് വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തീ സമീപമുള്ള പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു. ചേര്‍ത്തലയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.