കഠിന വെയിലും പൊടിശല്യവും; ജനജീവിതം ദുഃസഹം
1548203
Monday, May 5, 2025 11:56 PM IST
തുറവൂർ: കഠിനവെയിലിനെയും റോഡിലെ പൊടിശല്യത്തെയും തുടർന്നു ദേശീയപാതയോരത്തെ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുന്നു. രാത്രി മഴയെത്തുടർന്ന് റോഡിലേക്ക് ഒഴുകുന്ന ചെളിയും മെറ്റൽപ്പൊടിയും ശക്തമായ വെയിലിൽ ഉണങ്ങുകയും വാഹനങ്ങൾ പോകുമ്പോൾ ഇത് അന്തരീക്ഷത്തിലേക്കു പടരുകയും ചെയ്യുന്നു.
യാത്രക്കാർക്കും ദേശീയപാതയുടെ ഇരുവശത്തുമുള്ള താമസക്കാർക്കും വ്യാപാരികൾക്കും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സിമന്റ് മിശ്രിതമായ പൊടിയാണ് അന്തരീക്ഷത്തിൽ നടക്കുന്നത്. ഇതുമൂലം കുട്ടികളിലും വയോജനങ്ങളിലും ശ്വാസകോശസംബന്ധമായ രോഗങ്ങളും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അരൂർ മുതൽ ആലപ്പുഴ വരെ ഇരുചക്രവാഹനത്തിലും ബസിലും യാത്ര ചെയ്യുന്നവരും വൻ ദുരിതമാണ് അനുഭവിക്കുന്നത്.
അരൂർ- തുറവൂർ ഉയരപാത നിർമാണവുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണും ചെളിയും മറ്റു വസ്തുക്കളും റോഡിൽ തള്ളിയിരിക്കുന്നത് മൂലം ശക്തമായ വെയിലിൽ ഉണങ്ങി അന്തരീക്ഷത്തിൽ പടരുന്നത് പ്രദേശത്തെ വ്യാപാരികളെയും താമസക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
പൊടിശല്യവും ചെളിവെള്ളവും മൂലം ഒട്ടുമിക്കവ്യാപാരികളും കടകൾ അടച്ചിട്ടിരിക്കുകയാണ്. ദേശീയപാതയോരത്തെ വീടുകളിൽ താമസിക്കുന്നവരും പൊടി ശല്യവും മറ്റും മൂലം മറ്റു ബന്ധുവീടുകളിലേക്ക് താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്. കൂടാതെ ദേശീയപാതയോരത്തെ വൻ മതിലുകളും ജനജീവിതത്തെ ദുഃസഹമാക്കിയിരിക്കുകയാണ്.
റോഡ് നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഇട്ടിരിക്കുന്ന സിമന്റ് മിശ്രിതം വാഹനങ്ങൾ കടന്നുപോകുമ്പോൾ കാറ്റിൽ പടരുന്നതുമൂലവും ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
തുടർച്ചയായി ദേശീയപാത വിഭാഗം തന്നെ ഈ പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളം പാമ്പ് ചെയ്യണമെന്നുള്ള ആവശ്യം ജനങ്ങൾ ഉയർത്തിയെങ്കിലും ദേശീയപാത നിർമാണക്കമ്പനി ഇത് ചെവിക്കൊള്ളുന്നില്ല.
ഇരുചക്രവാഹനങ്ങളിലും ബസിലും മറ്റും യാത്ര ചെയ്യുന്നവരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ദിവസവും ആലപ്പുഴ മുതൽ അരൂർ വരെ യാത്ര ചെയ്യുമ്പോൾ തന്നെ പലരും വിവിധങ്ങളായ രോഗങ്ങൾ പിടിപെടുന്ന അവസ്ഥയാണ്.
ദേശീയപാതയിലെ പൊടിശല്ല്യം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.