മാവേലിക്കര നഗരസഭാ സ്ഥിരം സമിതിയിലേക്ക് മുന്‍ ചെയര്മാന് നറുക്കെടുപ്പിലൂടെ ജയം
1548196
Monday, May 5, 2025 11:56 PM IST
മാവേലിക്കര: നഗരസഭ വികസന കാര്യ സ്ഥിരംസമിതിയില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് കഴിഞ്ഞമാസം അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട നഗരസഭാ ചെയര്മാന് കെ.വി. ശ്രീകുമാര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. വികസന സ്ഥിരം സമിതി അധ്യക്ഷനായിരുന്ന നൈനാന് സി. കുറ്റിശേരില്‍ നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് വികസന സ്ഥിരം സമിതിയില്‍ ഒഴിവ് ഉണ്ടായത്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി കെ.വി. ശ്രീകുമാറും കോണ്‍ഗ്രസ് പ്രതിനിധിയായി കെ. ഗോപനും മത്സരിച്ചു. ഇരുവര്‍ക്കും ഒന്‍പത് വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ കെ.വി. ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒന്‍പത് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു.
കെ.വി. ശ്രീകുമാറിനെ പുറത്താക്കാനുള്ള അവിശ്വാസത്തെ പിന്തുണയ്ക്കുകയും നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ നൈനാന് സി. കുറ്റിശേരിലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ബിനു വര്‍ഗീസ് തിങ്കളാഴ്ച കൗണ്‍സിലില്‍ ഹാജരായില്ല. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും ബിനു വര്‍ഗീസ് എത്താന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്ന സാഹചര്യം ഉണ്ടായത്.
വികസന സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് 12ന് നടക്കും. വികസനകാര്യ സ്ഥിരം സമിതിയില്‍ സിപിഎമ്മിന് ഭൂരിപക്ഷമായതോടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നഷ്ടമാകാന്‍ സാധ്യതയുണ്ട്. സ്ഥിര സമിതിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളായി അനി വര്‍ഗീസ്, ലളിത രവീന്ദ്രനാഥ്, സിപിഎം പ്രതിനിധികളായി തോമസ് മാത്യു, ചിത്ര അശോക്, സ്വതന്ത്ര കൗണ്‍സിലര്‍ കെ.വി. ശ്രീകുമാര്‍ എന്നിവരാണ് ഇപ്പോഴുള്ളത്. ശ്രീകുമാര്‍ ഇപ്പോള്‍ സിപിഎം അനുകൂല നിലപാടിലാണ്.