കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1549306
Saturday, May 10, 2025 12:15 AM IST
മാന്നാർ: ചെന്നിത്തലയിൽ ഒന്നര കിലോയോളം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ മാന്നാർ പോലീസ് പിടികൂടി. ബീഹാർ സ്വദേശി സഞ്ജീവ് ഘരാമി(41)നെയാണ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല വലിയ പെരുമ്പുഴ പാലത്തിനു സമീപം ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാന്നാർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
ചില്ലറ വില്പനയ്ക്കായി ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡും മാന്നാർ പോലീസും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. 1.400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നിർദേശപ്രകാരം , എസ്ഐ സി.എസ്. അഭിറാം, ഗ്രേഡ് എസ്ഐ സുദീപ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ശ്രീകുമാർ, അജിത്, സുധീഷ്, സിപിഒ ഷിനു ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.