മെഡിക്കൽ കോളജ് ആശുപത്രി പരിസരം സാമൂഹ്യവിരുദ്ധരുടെ താവളം
1549309
Saturday, May 10, 2025 12:15 AM IST
അമ്പലപ്പുഴ: എയ്ഡ് പോസ്റ്റ് പോലീസ് നോക്കുകുത്തി ആശുപത്രി പരിസരം മദ്യപാനികളുടെയും ലഹരിവസ്തുക്കളുടെയും താവളമാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റ് പോലീസാണ് കാഴ്ചവസ്തുവായി മാറിയിരിക്കുന്നത്. രണ്ട് എസ്ഐമാരുൾപ്പെടെ പത്തു പോലീസുകാരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ ഒരു സമയം നാലു പോലീസുകാർ മാത്രമേ പലപ്പോഴും ഡ്യൂട്ടിക്ക് കാണൂ. ഡ്യൂട്ടിയുള്ള പോലീസുകാർ കൃത്യമായി ജോലി ചെയ്യാത്തതുമൂലം ആശുപത്രി പരിസരം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമായി മാറിയിരിക്കുകയാണ്.
സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിനു സമീപം സന്ധ്യ കഴിഞ്ഞാൽ മദ്യപരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമാണ്. ജെ ബ്ലോക്കിനു സമീപത്തെ ഇടനാഴിയും കാൻസർ വിഭാഗം, മാനസിക വിഭാഗം ഒ പി എന്നിവയ്ക്കു സമീപവും മദ്യപാനികളുടെ അഴിഞ്ഞാട്ടമാണ്. ഇതിൽ അന്യ സംസ്ഥാന തൊഴിലാളികളും രോഗികളുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടും.
അത്യാഹിത വിഭാഗത്തോടു ചേർന്നു പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിലെ പോലീസുകാർ മദ്യപാനികൾ താവളമാക്കിയ ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ല. ഏതാനും നാൾ മുൻപ് ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അമ്പലപ്പുഴ പോലീസും പുന്നപ്ര പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ പതിനഞ്ചു പേരെ പിടികൂടി കേസെടുത്തിരുന്നു. വിവരം ലഭിച്ചാലും എയ്ഡ് പോസ്റ്റ് പോലീസ് മദ്യപാനികളെ പിടികൂടാനായി പരിശോധനയ്ക്ക് ഇറങ്ങാറില്ല.
പി ജി, നഴ്സിംഗ് കോളജ് ക്വാർട്ടേഴ്സിനു സമീപവും മദ്യപസംഘം കൈയടക്കിയിരിക്കുകയാണ്. ആശുപത്രിയിലെ ക്രമസമാധാന പാലനത്തിനായി ചുമതലപ്പെടുത്തിയ എയ്ഡ് പോസ്റ്റ് പോലീസ് വെറും കാഴ്ച വസ്തുവായി മാറിയിരിക്കുകയാണ്.