കർഷകരുടെ അധ്വാനത്തിന് വിലപേശി മില്ലുടമകൾ
1549301
Saturday, May 10, 2025 12:15 AM IST
അമ്പലപ്പുഴ: കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനത്തിന് വിലപേശി 27 കിലോ വരെ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ. നെല്ല് നശിപ്പിക്കാനൊരുങ്ങി കർഷകർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം, പട്ടത്താനം, അമ്പലക്കടവ് തുടങ്ങിയ പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്ത കോടിക്കണക്കിനു രൂപയുടെ നെല്ലാണ് സംഭരണം തടസപ്പെട്ടതിനെത്തുടർന്ന് പാടശേഖരങ്ങളിലും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. 15 ദിവസം മുൻപ് കൊയ്ത്ത് പൂർത്തിയാക്കിയതാണ്. ഏക്കറിന് 25,000 രൂപ വരെ ചെലവിട്ടാണ് കർഷകർ തങ്ങളുടെ അധ്വാനം വിയർപ്പാക്കിയത്. ഇതിനിടെ ഉണ്ടായ ഉപ്പുവെള്ള ഭീഷണിയെ അതിജീവിച്ചാണ് കർഷകർ സ്വർണം പണയം വച്ചും അമിത പലിശയ്ക്ക് വായ്പയെടുത്തും കൊയ്ത്ത് പൂർത്തിയാക്കിയത്.
സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുടമകളുടെ ഏജന്റുമാർ എത്തിയെങ്കിലും 23 കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. പിന്നീടിത് 27 വരെയായി. ഈ കിഴിവിലും നെല്ല് നൽകാൻ കർഷകർ തയാറായെങ്കിലും പിന്നീട് നെല്ല് മോശമാണെന്നു പറഞ്ഞ് മില്ലുടമകൾ സംഭരണത്തിൽ നിന്ന് പിൻമാറി. ഇതിന് ശേഷം പാഡി ഓഫീസർ എത്തിയെങ്കിലും സംഭരണകാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് പറഞ്ഞ് മടങ്ങി. ഇതോടെയാണ് കർഷകർ ദുരിതത്തിലായത്. 50 ലോഡ് നെല്ല് മഴ ഭീഷണിയിൽ കെട്ടിക്കിടക്കുകയാണ്.
കോടിക്കണക്കിനു രൂപയുടെ നെല്ല് കെട്ടിക്കിടന്നിട്ടും സംഭരണ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കൂട്ടിയിട്ടിരിക്കുന്ന നെല്ല് പലയിടത്തും കിളിർക്കാനും തുടങ്ങി. ഇതോടെയാണ് നെല്ല് നശിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്. കൃഷി ചെയ്തില്ലെങ്കിൽ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൃഷി പൂർത്തിയാക്കിയത്. ഒടുവിൽ സർക്കാർ തങ്ങളെ ഉപേക്ഷിച്ചെന്നാണ് ഇവരുടെ പരാതി.