ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു
1298397
Monday, May 29, 2023 11:27 PM IST
മുണ്ടക്കയം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടുപേർക്കു പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, ഓട്ടോറിക്ഷയിലെ യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ാടെ മുണ്ടക്കയം - കോരുത്തോട് റൂട്ടിൽ വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്.
വണ്ടൻപതാലിൽ നിന്നു മുണ്ടക്കയത്തേക്ക് വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് നിന്ന ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു.
നിയന്ത്രണംവിട്ട വാഹനം മുകളിലേക്ക് വീണ തെങ്ങിന്റെ പാതിഭാഗവുമായി 50 മീറ്ററോളം സഞ്ചരിച്ച് മറ്റൊരു വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിൽ മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ സുനിലിന്റെ തലയ്ക്ക് താരമായി പരിക്കേറ്റിട്ടുണ്ട്.