ഇക്കോ ഷോപ്പുകള്‍ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുന്നു: ദേശീയ കര്‍ഷക ഫെഡ.
1299793
Sunday, June 4, 2023 6:18 AM IST
പെരുവ: കര്‍ഷകക്ഷേമവും കാര്‍ഷികോത്പന്നങ്ങളുടെ ഉറച്ച വിപണിയും ന്യായവിലയും ലക്ഷ്യമിട്ട് കൃഷിവകുപ്പ് സാമ്പത്തിക പിന്തുണ നല്കി ആരംഭിച്ച ഇക്കോഷോപ്പുകള്‍ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുന്നതായി ദേശീയ കര്‍ഷക ഫെഡറേഷന് ആരോപിച്ചു. കര്‍ഷകരില്‍നിന്നും ഉത്പന്നങ്ങള്‍ വാങ്ങി ന്യായവില ഉടനെ നല്‍കുന്നതിന് ഇക്കോഷോപ്പുകള്‍ തയാറാവുന്നില്ല. ഇടത്തട്ടുകാരുടെ ശൈലിയില്‍ എന്തെങ്കിലും വില എപ്പോഴെങ്കിലും നല്കുന്ന രീതി ഇവിടെയും പതിവായി.
സര്‍ക്കാര്‍ പണം നല്കി ആരംഭിച്ച ഇക്കോ ഷോപ്പുകളില്‍ പുറത്തുനിന്നും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളെടുത്തു നിറച്ചു കച്ചവടം നടത്തുകയാണെന്നും ദേശീയ കര്‍ഷക ഫെഡറേഷന് പെരുവ വ്യാപാരഭവനില്‍ സംഘടിപ്പിച്ച മുളക്കുളം പഞ്ചായത്ത് സമിതി യോഗം കുറ്റപ്പെടുത്തി. കോട്ടയത്ത് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ നടത്തുന്ന ഡികെഎഫ് കാര്‍ഷിക മേള - 2023 വിജയിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുവാനും യോഗം തീരുമാനിച്ചു.
റബര്‍വില സ്ഥിരതാ ഫണ്ട് കാര്യക്ഷമമാക്കി കര്‍ഷകരുടെ അക്കൗണ്ടില്‍ പണം ലഭ്യമാക്കുക, പിറവം, മുളക്കുളം പ്രദേശങ്ങളിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് സര്‍ക്കാരും കൃഷിവകുപ്പും കര്‍ഷകരെ പിന്തുയ്ണക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.
കണ്‍വീനര്‍ ഏബ്രഹാം തോട്ടുപുറം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജയിംസ് കുറ്റിക്കോട്ടയില്‍, ജോസഫ് കയ്യൂരിക്കല്‍, രാജു തെക്കേക്കാലാ, ഫിലിപ്പ് ആക്കാംപറമ്പില്‍, മാമച്ചന് മൂര്‍ക്കാട്ടില്‍പടി, എ.സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.