ആംബുലൻസിലെത്തിയത് നവജീവന്റെ സ്നേഹം; കണ്ണുനിറഞ്ഞ് അജയ്കുമാറും കുടുംബവും
1299808
Sunday, June 4, 2023 6:23 AM IST
ഗാന്ധിനഗർ: അലമാര ദേഹത്തുവീണു ഗുരുതര പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അന്ധ ബാലനെ ഡിസ്ചാർജ് ചെയ്തപ്പോൾ വീട്ടിലേക്കു മടങ്ങുവാൻ ആംബുലൻസ് വിളിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ രക്ഷിതാക്കൾക്കു സഹായമെത്തിച്ചു നവജീവൻ.
കോട്ടയം പരിപ്പ് രാമനിവാസിൽ രാമകൃഷ്ണ പിള്ളയുടെ മകൻ അജയ്കുമാർ (37) ഭാര്യ ജാൻസി (35) എന്നിവരാണ് പണമില്ലാതെ ബുദ്ധിമുട്ടിയത്. കഴിഞ്ഞ 12ന് അന്ധതയുള്ള മക്കളായ അഭിഷേക്(12), അഭിനവ്(6) എന്നിവർ കളിക്കുന്നതിനിടയിൽ അഭിനവിന്റെ ദേഹത്ത് അലമാര മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജയ്കുമാർ, ഭാര്യ ജാൻസി, അജയ് കുമാറിന്റെ അച്ഛൻ എന്നിവരും അന്ധത ബാധിച്ചവരാണ്. അച്ഛനും അജയ് കുമാറും ലോട്ടറി വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. ഒരു വർഷമായി രോഗം മൂലം അച്ഛൻ ലോട്ടറി വിൽക്കാൻ പോകുന്നില്ല. ഇളയമകൻ ആശുപത്രിയിലായതോടെ അജയകുമാറിന്റെ ലോട്ടറി വില്പനയും വരുമാനവും ഇല്ലാതെയായി.
ആറ് അംഗങ്ങളുള്ള വീട്ടിൽ അജയ്കുമാറിന്റെ അമ്മ വനജയ്ക്കു മാത്രമേ കാഴ്ച ശക്തിയുള്ളൂ. ഇവരുടെ ദയനീയാവസ്ഥ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ പിആർഒമാർ നവജീവൻ തോമസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഒരു മാസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളുമായി ആംബുലൻസിൽ വന്ന് ഈ കുടുംബത്തെ വീട്ടിൽ എത്തിച്ചു.