വൈക്കം നഗരസഭ: ചെയർപേഴ്സന്റെ രാജിയാവശ്യപ്പെട്ട് ഏഴ് കൗൺസിലർമാർ
1336918
Wednesday, September 20, 2023 6:16 AM IST
വൈക്കം: വൈക്കം നഗരസഭാ ചെയർപേഴ്സൺ രാധിക ശ്യാം പാർട്ടിയിലെ ധാരണപ്രകാരം ഒരു വർഷകാലാവധി പൂർത്തിയാക്കിയെന്നും ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കുന്നതിനു പാർട്ടി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ ഏഴംഗങ്ങൾ കെപിസിസി, ഡിസിസി നേതൃത്വത്തിന് കത്തു നൽകി. പത്തംഗ കോൺഗ്രസ് കൗൺസിലർമാരിൽ പ്രീതാ രാജേഷ്, രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജി മോൾ, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പി.എസ്. രാഹുൽ, ബിന്ദു ഷാജി, രേണുക രതീഷ് തുടങ്ങിയവരാണ് കത്തിൽ ഒപ്പു വച്ചിട്ടുള്ളത്.
കെപിസിസി, ഡിസിസി നേതൃത്വത്തിന് കത്തു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ സ്ഥാനം രാജിവച്ച് ധാരണ പാലിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അതേസമയം കോൺഗ്രസ് നേതൃത്വം ഒന്നരവർഷക്കാലത്തേക്കാണ് ചെയർപേഴ്സൺ സ്ഥാനം തനിക്ക് നൽകാൻ ധാരണയുണ്ടാക്കിയതെന്നും അക്കാര്യം അന്നത്തെ മാധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയർപേഴ്സൺ രാധികാ ശ്യാം.
ചെയർ പേഴ്സണു പുറമെ നഗരസഭാ കൗൺസിലർമാരായുള്ള ബി. ചന്ദ്രശേഖരൻ, രാജശേഖരൻ എന്നിവരും ചെയർപേഴ്സൺ രാധികാ ശ്യാമിനു ധാരണപ്രകാരമുള്ള കാലാവധി തികയ്ക്കാൻ നേതൃത്വം നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്.