കുരുന്നുകൾക്ക് ആവേശമായി "വര ഉത്സവം’
1336929
Wednesday, September 20, 2023 6:28 AM IST
അതിരമ്പുഴ: വര ഉത്സവം കുരുന്നുകൾക്ക് ആവേശമായി. തങ്ങളുടെ പാഠപുസ്തകങ്ങളിലെ ആനയും അണ്ണനും പൂച്ചയും പൂക്കളും കാടുമെല്ലാം അവർ വരച്ചു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും വരയിൽ പങ്കാളികളായതോടെ കുട്ടികൾക്ക് ഉത്സാഹമേറി. അതിരമ്പുഴ പഞ്ചായത്തിലെ കാട്ടാത്തി ഗവൺമെന്റ് ആർഎസ് എൽപി സ്കൂളിലാണ് പ്രീപ്രൈമറി വിദ്യാർഥികൾക്കായി വര ഉത്സവം സംഘടിപ്പിച്ചത്.
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
പഞ്ചായത്ത് മെംബർ രജിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മേഴ്സി ജോൺ, അധ്യാപകരായ പി.എം. സോളമ്മ, ജെസി ജോൺ, പുഷ്പ ഷേണായി, ഇ.ജെ. എൽസമ്മ, പിടിഎ വൈസ് പ്രസിഡന്റ് സി.കെ. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.