ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി: നാലംഗ സംഘം പിടിയിൽ
1337015
Wednesday, September 20, 2023 10:23 PM IST
കാഞ്ഞിരപ്പള്ളി: ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുഞ്ഞാലിമൂട് ഭാഗത്ത് ചെറുകോട് വീട്ടിൽ മുരുകൻ (51), കൊട്ടാരക്കര പുത്തൂർ അനന്തുഭവനം വീട്ടിൽ സത്യശീലൻപിള്ള (59), കോട്ടയം പെരുമ്പായിക്കാട് പറയരത്തു വീട്ടിൽ സുജി (55), എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം ഭാഗത്ത് പുതുക്കാട്ടുതറ വീട്ടിൽ റെജി ജോർജ് (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസിന്റെ പിൻവാതിലൂടെ കയറാൻ ശ്രമിക്കുന്നതിനിടയിൽ ഇടക്കുന്നം സ്വദേശിയുടെ 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണും എടിഎം കാർഡും മോഷ്ടിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിൽ സമീപപ്രദേശങ്ങളിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു.
സംഘം ചേർന്ന് ബസുകളിൽ കയറി അനാവശ്യ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. സത്യശീലൻ പിള്ളയ്ക്ക് പെരിനാട്, ആറ്റിങ്ങൽ, പാലാ എന്നീ സ്റ്റേഷനുകളിലും സുജിക്ക് ഗാന്ധിനഗർ, എറണാകുളം റെയിൽവേ പിഎസിലും, റെജി ജോർജിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും മോഷണക്കേസുകളും നിലവിലുണ്ട്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐമാരായ ബേബി ജോൺ, ഗോപകുമാർ, എഎസ്ഐ ബേബിച്ചൻ, സിപിഒമാരായ വിമൽ, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.