പട്ടികജാതി ഫണ്ടിൽ ക്രമക്കേടെന്ന ആരോപണം അടിസ്ഥാനരഹിതം: കെ.കെ. രഞ്ജിത്ത്
1337173
Thursday, September 21, 2023 6:25 AM IST
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള പഠനമുറി നിർമാണ പദ്ധതിയിൽ അനർഹരെ ഉൾപ്പെടുത്തിയതായും വിദേശ തൊഴിൽ ധനസഹായത്തിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായും കോട്ടയം വിജിലൻസ് സംഘം കണ്ടെത്തിയതായി വന്ന വാർത്ത യാഥാർഥ്യത്തിനു നിരക്കാത്തതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്.
പഠനമുറി ധനസഹായത്തിനുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ പട്ടികയിൽനിന്ന് അർഹതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. വിദേശ തൊഴിൽ ധനസഹായത്തിന് അഞ്ച് ഗുണഭോക്താക്കൾക്കായി 2,00,000 രൂപയുടെ പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. 40,000 രൂപ വീതം ഒരാൾക്ക് നൽകുന്നത് അവരുടെ അക്കാമ ലഭിക്കുന്ന മുറയ്ക്കാണ്.
എന്നാൽ, ഒരു ഗുണഭോക്താവിന് അക്കാമ ലഭിക്കാതിരുന്നതിനാൽ നിശ്ചിത തുക പൂർത്തീകരിക്കാതിരുന്ന ഒരു പഠനമുറി ഗുണഭോക്താവിനു നൽകുകയായിരുന്നു. ഈ തീരുമാനങ്ങളെല്ലാം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെയായിരുന്നെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറും അറിയിച്ചു.