ശ്രീമൂലം തിരുനാൾ ഷഷ്ടിപൂർത്തി റോഡ് നവീകരണത്തിന് 45 ലക്ഷം
1337562
Friday, September 22, 2023 10:29 PM IST
കുറവിലങ്ങാട്: പഞ്ചായത്തിലെ ശ്രീമൂലം തിരുനാൾ ഷഷ്ടിപൂർത്തി റോഡ് നവീകരണത്തിന് 45 ലക്ഷം രൂപയുടെ പദ്ധതിക്കു രൂപം നൽകിയതായി മോൻസ് ജോസഫ് അറിയിച്ചു. പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്താണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതോടെ ഷഷ്ടിപൂർത്തി റോഡിന്റെ ശോച്യാവസ്ഥയെ ചൊല്ലിയുള്ള ആരോപണപ്രത്യാരോപണങ്ങൾക്കും അവസാനമാകുമെന്നാണ് വിലയിരുത്തൽ.
ഷഷ്ടിപൂർത്തി റോഡിൽ കാളിയാർ തോട്ടം മുതൽ 1.75 കിലോമീറ്റർ ദൂരത്തിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊതുമരാമത്തിന് അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഈ ഭാഗത്തെ ടാറിംഗ് ജോലികൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. പൊതുമരാമത്തു വകുപ്പിൽ നിന്ന് എംഎൽഎ ഇടപെട്ട് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് ജോലികൾ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് ശോച്യാവസ്ഥയിലായ റോഡ് കുഴികൾ നികത്തി ബലവത്താകാൻ വാട്ടർ അഥോറിറ്റിക്ക് ഫണ്ട് ഇല്ലാത്തതു മൂലം റോഡ് നവീകരണ പ്രവർത്തങ്ങൾ സ്തംഭനാവസ്ഥയിലാകുകയായിരുന്നു.
ഇതേത്തുടർന്നു റോഡ് ടാറിംഗിന് അനുവദിച്ച ഫണ്ട് ലാപ്സാകുന്ന സാഹചര്യമുണ്ടായപ്പോൾ ലഭ്യമായ ഫണ്ട് നഷ്ടപ്പെടാതിരിക്കുന്നതിനായി ഷഷ്ടിപൂർത്തി റോഡിൽ തന്നെ പൈപ്പ് ഇടാത്ത ഭാഗത്ത് റീടാറിംഗ് നടത്തി ഫണ്ട് പ്രയോജനപ്പെടുത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. ഷഷ്ടിപൂർത്തി റോഡിൽ അനുവദിച്ച ഫണ്ട് വകമാറ്റിയെന്ന് ചില കേന്ദ്രങ്ങൾ നടത്തിയ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എംഎൽഎ വ്യക്തമാക്കി.
ഷഷ്ടിപൂർത്തി റോഡ് റീസ്റ്റോർ ചെയ്തു ടാറിംഗ് നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് തലത്തിൽ തയാറാക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ഡിമാൻഡ് നോട്ടീസ് സമർപ്പിക്കുന്നതനുസരിച്ച് ആവശ്യമായ ഫണ്ട് വാട്ടർ അഥോറിറ്റിയിൽ നിന്ന് പൊതുമരാമത്തിന് കൈമാറുന്നതിന് തീരുമാനിച്ചു.
റീടാറിംഗ് ജോലികൾ പൊതുമരാമത്ത് ടെൻഡർ ചെയ്തു നേരിട്ട് നടപ്പാക്കുന്നതിനാണ് തീരുമാനം. പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ ജോസ് രാജൻ, ജല അഥോറിറ്റി കടുത്തുരുത്തി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പങ്കെടുത്തത്.
ഒക്ടോബർ 30നു മുൻപായി ഫണ്ട് ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.