കുറവിലങ്ങാട് ദേവമാതാ കോളജ് വജ്രജൂബിലി തിളക്കത്തിൽ
1338783
Wednesday, September 27, 2023 11:01 PM IST
കുറവിലങ്ങാട്: ഗ്രാമീണയുവതയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളജ് വജ്രജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഇന കർമപരിപാടികൾ നടപ്പിലാക്കുമെന്ന് മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വജ്രജൂബിലി സ്മാരക പ്രഭാഷണ പരമ്പര, പൂർവവിദ്യാർഥി സംരംഭക സമ്മേളനം, ജൂബിലി സംഗീതസഭ, മെഗാ ജോബ് ഫെയർ, മെഗാ ശാസ്ത്രപ്രദർശനം, പഞ്ചായത്തുതലത്തിൽ സാമ്പത്തിക സാക്ഷരതായജ്ഞം, ടൂറിസം മാപ്പിംഗ്, സീറോ വേസ്റ്റ് കാമ്പസ്, കുടുംബശ്രീ-അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത, തൊഴിലവസരങ്ങൾ ഉറപ്പാക്കി ജോബ് പോർട്ടൽ തുടങ്ങിയ പദ്ധതികൾ ജൂബിലി വർഷത്തിൽ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർമാരായ ഡോ. സജി അഗസ്റ്റിൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് പി.എം. മാത്യു എന്നിവർ അറിയിച്ചു.
പിന്നിട്ട വഴികൾ
നാടിന് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ കുറവിലങ്ങാട് ഇടവക നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ദേവമാതാ കോളജ് വളർച്ചയുടെ വിവിധ പടവുകൾ പിന്നിട്ട് അറുപതിലെത്തിയത്. പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുമതിയോടെ മർത്ത്മറിയം തീർഥാടന ഇടവക വികാരിയായിരുന്ന ഫാ. പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തിലാണ് കോളജ് ആരംഭിക്കുന്നത്.
1964 ജൂലൈ ഏഴിന് പ്രീഡിഗ്രി ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പുകളോടെ കോളജ് പ്രവർത്തനം ആരംഭിച്ചു. റവ.ഡോ. എൻ.എ. തോമസ് നങ്ങിച്ചിവീട്ടിലായിരുന്നു ആദ്യ പ്രിൻസിപ്പൽ. കോളജിൽ ഇന്ന് 12 ബിരുദപ്രോഗ്രാമുകളും ഒൻപത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമുണ്ട്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളുടെ ഗവേഷണസാധ്യത ഒട്ടേറെപ്പേർക്ക് നേട്ടമാകുന്നു.
നേട്ടങ്ങൾ
കേരള, എംജി സർവകലാശാലകളിലെ ഒന്നാം റാങ്കുകളടക്കം നിരവധി റാങ്കുകൾ, കായികരംഗത്തും നേട്ടങ്ങൾ വാരിക്കൂട്ടി, അന്തർ സർവകലാശാല, കോളജ് തല മത്സരങ്ങളിൽ മികച്ച പ്രകടനം, എൻഎസ്എസ്, എൻസിസി എന്നിവയിലൂടെ സർവകലാശാലതലത്തിലും സംസ്ഥാനതലത്തിലും നേട്ടം കൊയ്തു.
ഭരണ, പൊതുരംഗങ്ങളിലും വിദേശങ്ങളിലുമടക്കം ഉന്നതനിലയിൽ പ്രശോഭിക്കുന്ന പൂർവവിദ്യാർഥികൾ, സ്മാർട്ട് ക്ലാസ്മുറികൾ, ഗവേഷണസാധ്യതയേറെയുള്ള ലാബുകൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ ദേവമാതായിലെത്തുന്നവർക്കുള്ള നേട്ടമാണ്. കോളജിലെ കരിയർ പ്ലേസ്മെന്റ് സെല്ലിലൂടെ നൂറുകണക്കിന് വിദ്യാർഥികൾക്ക് മികച്ച ജോലി തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുന്നു.