മാലിന്യവിമുക്ത വൈക്കം പ്രഖ്യാപനം ഉടൻ: സി.കെ. ആശ എംഎൽഎ
1338990
Thursday, September 28, 2023 2:47 AM IST
വൈക്കം: വൈക്കത്തെ മാലിന്യവിമുക്തമാക്കാൻ വൈക്കം മണ്ഡലത്തിലെ പഞ്ചായത്തുകളിലേയും വൈക്കം നഗരസഭ പ്രദേശത്തേയും വീടുകൾ, ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയെ പങ്കാളികളാക്കാൻ പദ്ധതി തയാറാക്കിയതായി സി.കെ. ആശ എംഎൽഎ.
വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമസേനയുടെ കവറേജ് നൂറുശതമാനമാക്കും. മാലിന്യം പൂർണമായി തരം തിരിച്ചും യൂസർ ഫീ കളക്ഷൻ നൂറു ശതമാനം ഈടാക്കുന്നതിനും ഹരിതമിത്രം ആപ്പിന്റെ ഉപയോഗം ഫലപ്രദമാക്കാനും നടപടി ഊർജിതമാക്കും. മാലിന്യക്കൂനകൾ പൂർണമായി നീക്കം ചെയ്യുന്നതിനും വീടുകളിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനം ശക്തിപ്പെടുത്തിയും ആരോഗ്യകരമായ അന്തരീക്ഷമൊരുക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ശുചിത്വ മുറപ്പാക്കണം.
മണ്ഡലാടിസ്ഥാനത്തിൽ നടന്ന മാലിന്യ ശേഖരണ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി കൈവരിച്ച മാലിന്യമുക്ത മണ്ഡലം പദവിയുടെ പ്രഖ്യാപനവും നേട്ടങ്ങൾ നിർത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങളുടെ പ്രതിജ്ഞയും 31ന് വൈകുന്നേരം വൈക്കത്ത് മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടത്തുമെന്നും സി.കെ. ആശ എം എൽ എ പറഞ്ഞു.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ സി.കെ. ആശ എംഎൽഎയ്ക്കൊപ്പം എ.സി. ജോസഫ് , ടി.കെ. സുവർണൻ മാസ്റ്റർ, അധ്യാപകനായ ജോഷി തുടങ്ങിയവരുണ്ടായിരുന്നു.