വന്യജീവി ആക്രമണം: മുണ്ടക്കയത്ത് ഇന്ന് ജനകീയ കൺവൻഷൻ
1339017
Thursday, September 28, 2023 10:55 PM IST
മുണ്ടക്കയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് ജനകീയ കൺവൻഷൻ നടത്തുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കേരള കോൺഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളില് നടക്കുന്ന കൺവൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിഷയാവതരണവും നടത്തും.
കേന്ദ്ര ഗവൺമെന്റിനു സമർപ്പിക്കുന്ന ഭീമഹർജിയിൽ തോമസ് ചാഴികാടൻ എംപി ആദ്യ ഒപ്പ് രേഖപ്പെടുത്തും. ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ്-എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് കോഴിമല, ജോർജുകുട്ടി ആഗസ്തി, കർഷക യൂണിയൻ-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് തുടങ്ങിയവർ പ്രസംഗിക്കും.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്ത് കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനു കർഷന് അധികാരം നൽകുക, വന്യമൃഗങ്ങളുടെ എണ്ണംപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുക, നിശ്ചിതകാലയളവുകളിൽ നിയന്ത്രിത മൃഗവേട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷനിൽ ഉന്നയിക്കും.
അതോടൊപ്പം വനാതിർത്തിയിയുടെ ഒരു കിലോമീറ്റർ ദൂരം ഹ്യൂമൻ സെൻസറ്റീവ് സോണായി പ്രഖ്യാപിക്കുക, ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന ഗവൺമെന്റുകളിൽ നിക്ഷിപ്തമാക്കുക, വന്യജീവി ആക്രമണത്തിൽ ജീവനാശവും കൃഷിനാശവും സംഭവിക്കുന്നതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വാഹനാപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണലിന്റെ മാതൃകയിൽ ട്രൈബ്യൂണൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവൻഷനിൽ മുന്നോട്ടുവയ്ക്കും.
ഇതിന്റെ ഭാഗമായി കാർഷിക മേഖലയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഭീമ ഹർജി സമർപ്പിക്കും. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയിൽ മൂന്നിലൊന്നും വനമേഖലയാണ്. ഈ വനമേഖലയിൽ കഴിയാവുന്നതിന്റെ അഞ്ചിരട്ടിയോളം മൃഗങ്ങൾ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമപരിഷ്കരണം ആവശ്യമാണെന്നു കേന്ദ്ര ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്നതിനാണ് കൺവൻഷനിലൂടെ ഉദ്ദേശിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡയസ് മാത്യു കോക്കാട്ട്, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് ചാർലി കോശി എന്നിവരും പങ്കെടുത്തു.