മീനടത്തെ വീട് കുത്തിത്തുറന്ന് മോഷണം: കുറ്റവാളികളുടെ പട്ടിക തയാറാക്കി പോലീസ്
1339201
Friday, September 29, 2023 2:50 AM IST
പാമ്പാടി: വീട് കുത്തിത്തുറന്ന് ആറു പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളും അരലക്ഷം രൂപയും കവർന്നിട്ട് 11 ദിവസം കഴിഞ്ഞുവെങ്കിലും പ്രതികളെ പിടിക്കാൻ പോലീസിനായില്ല.
അന്വേഷണം ഊർജിതമെന്നു പോലീസ് പറയുന്നു. അടുക്കളവാതിലിലൂടെ വീടുകളിൽ കടന്നു മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമാന സ്വഭാവത്തിൽ മോഷണം നടത്തുന്നവരുടെ പട്ടിക തയാറാക്കി.
പോലീസ് മോഷണം നടന്ന വീട്ടിൽനിന്നു വിരലടയാളം ലഭിക്കാത്ത സാഹചര്യത്തിലാണു പോലീസ് അന്വേഷണ രീതി മാറ്റിയത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ രണ്ടു മോഷ്ടാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇവർ കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. മീനടം പുത്തൻപുരപ്പടി കുഴിയാത്ത് കടുപ്പിൽ മാത്യു സ്കറിയയുടെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. രാവിലെ 7.15നു പള്ളിയിൽ കുർബാനയ്ക്ക് പോയി 10.45നു മടങ്ങിയെത്തിയപ്പോൾ വാതിൽ തുറക്കുവാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. മുൻവാതിൽ പുറത്തുനിന്നു പൂട്ടിയിട്ടാണ് പള്ളിയിൽ പോയത്.
വാതിൽ തുറക്കാൻ പറ്റാതായതോടെ ആശങ്കയായി. തുടർന്നു പിൻവാതിൽ തുറന്ന് വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്പോഴാണ് വാതിൽ കുത്തിതുറന്നനിലയിൽ കണ്ടെത്തിയത്. വീടിനകത്ത് കയറിയപ്പോൾ മുൻവാതിൽ കുറ്റിയിട്ടതായി കണ്ടെത്തി. തുടർന്ന് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയാണ് രൂപയും സ്വർണാഭരണങ്ങളും മോഷണം പോയതായി മനസിലായത്.